രാജ്യത്തെ പെയിന്റ് വിപണനരംഗം കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വളരെ ആശങ്കയോടെയാണ് ഈ രംഗത്തെ പ്രമുഖര്‍ പോലും നിലവിലുള്ള സ്ഥിതിയെ നോക്കിക്കാണുന്നത്. നിലവില്‍ സാമ്പത്തിക മേഖലയിലാകമാനം നേരിട്ട തളര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തെ പെയിന്റ് വിപണിയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഓഹരി, സ്വര്‍ണ, നാണയ വിപണികള്‍ മികച്ച വരുമാനം നല്‍കിയതോടെ റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ മുരടിപ്പും പെയിന്റ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ മുന്‍നിര പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്സ്, കെന്‍സായി നെരോലാക്, ബെര്‍ജര്‍ പെയിന്റ്സ്, ഇന്‍ഡിഗോ തുടങ്ങിയവയെല്ലാം വിറ്റുവരവിലും ലാഭത്തിലും വലിയ പ്രതിസന്ധി തന്നെയാണ് നേരിട്ടത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിലാണ് ഈ ഗണ്യമായ മാറ്റം കണ്ടു തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായ ഏഷ്യന്‍ പെയിന്റ്‌സിന്റെ അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 692 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1,257 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തന വരുമാനവും നാല് ശതമാനം കുറഞ്ഞു.
കെന്‍സായി നെരാേലാകിന്റെ അറ്റാദായം ഇക്കാലയളവില്‍ 6.5 ശതമാനം കുറഞ്ഞ് 108.5 കോടി രൂപയായി. വരുമാനം 2.7 ശതമാനം വര്‍ദ്ധിച്ചിട്ടും ലാഭക്ഷമത കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ബെര്‍ഗര്‍ പെയിന്റ്സിന്റെയും വിറ്റുവരവിലും വരുമാനത്തിലും വലിയ കുറവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഗ്രാസിം, ജെ.എസ്.ഡബ്‌ള്യു തുടങ്ങിയ വന്‍കിട ഗ്രൂപ്പുകള്‍ പെയിന്റ് ഉത്പാദന രംഗത്ത് സജീവമായതോടെ വിപണിയില്‍ മത്സരം കനത്തിരിക്കുകയാണ്. ഇവരുടെ രംഗപ്രവേശം നിലവിലുള്ള കമ്പനികള്‍ക്ക് മേല്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിപണി വിഹിതം നിലനിറുത്താന്‍ നിരവധി ഇളവുകളും ഡീലര്‍മാര്‍ക്ക് അധിക കമ്മീഷനും നല്‍കാന്‍ ഇതുവഴി കമ്പനികള്‍ നിര്‍ബന്ധിതരാകുന്നു