Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘ വധിച്ചത് നൂറോളം ഭീകരരെ, 35-40 പാക്ക് സൈനികരും കൊല്ലപ്പെട്ടു’; ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ പങ്കുവച്ച് സൈന്യം

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരരെ വധിച്ചെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈന്യം. ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

സൈന്യം ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണ്. ഇന്ത്യയുടെ ആക്രമണത്തില്‍ ചില ഭീകര കേന്ദ്രങ്ങളില്‍നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്തമാക്കി. തകര്‍ത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പുറത്തുവിട്ടു. ബാവല്‍പുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ത്തു. മുരിദ്കെയിലെ ഭീകരകേന്ദ്രവും തകര്‍ത്തു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ യാതൊരു നാശനഷ്ടവും വരുത്തിയിട്ടില്ലെന്നും വ്യോമസേന വ്യക്തമാക്കി.
പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ ജാഗ്രതയോടെ ഇതിനെ നേരിട്ടെന്നും എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാര്‍ സ്റ്റേഷനുകളും തകര്‍ത്തു. റഫീഖി, ചുനിയാന്‍, സര്‍ഗോധ, റഹിംയാര്‍ഖാന്‍, സുക്കൂര്‍, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്രുരിലെ റഡാര്‍ കേന്ദ്രവും തകര്‍ത്തു. 35-40 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാന്റെ കണക്കെന്നും സൈന്യം പറഞ്ഞു.

പാക്കിസ്ഥാന്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന്‍ ഈ ധാരണ ലംഘിച്ച് വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നല്‍കി. ചില പാക്ക് വിമാനങ്ങള്‍ തകര്‍ത്തു. എത്ര എണ്ണമാണെന്ന് ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നില്ല. പാക്ക് വിമാനങ്ങള്‍ തകര്‍ത്തതിനെക്കുറിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!