മൈക്രോസോഫ്റ്റിനെ ഓപ്പണ്‍ എഐ ജീവനോടെ ഭക്ഷിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ എഐ മോഡലായ ജിപിടി-5 അവതരിപ്പിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയ്ക്ക് മസ്‌ക് മുന്നറിയിപ്പുമായി രംഗത്തുവന്നത്.
മൈക്രോസോഫ്റ്റിന്റെ വിവിധ ഉത്പന്നങ്ങളില്‍ ജിപിടി 5 മോഡലിന്റെ കഴിവുകള്‍ അവതരിപ്പിച്ചുവെന്ന് നദെല്ല പങ്കുവെച്ച എക്‌സ് പോസ്റ്റിന് കീഴിലാണ് മസ്‌കിന്റെ മുന്നറിയിപ്പ്. ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ കോപൈലറ്റ് എഐ അസിസ്റ്റന്റില്‍ ഉള്‍പ്പടെ വിവിധ ഉത്പന്നങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള എഐ ഫീച്ചറുകളെല്ലാം ഓപ്പണ്‍ എഐയുടെ ജിപിടി മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
മൈക്രോസോഫ്റ്റ് 365 കോപൈലറ്റ്, കോപൈലറ്റ്, ഗിറ്റ്ഹബ്ബ് കോപൈലറ്റ്, അഷ്വര്‍ എഐ ഫൗണ്‍ഡ്രി എന്നിവയില്‍ ചാറ്റ് ജിപിടി അവതരിപ്പിക്കുന്നുവെന്നാണ് നദെല്ല പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പങ്കാളിയായ ഓപ്പണ്‍ എഐയില്‍ നിന്ന് ഇതുവരെയുണ്ടായതില്‍ ഏറ്റവും കഴിവുള്ള മോഡലാണിതെന്നും റീസണിങ്, കോഡിങ്, ചാറ്റ് എന്നിവയില്‍ പുതിയ ശക്തമായ പരിഷ്‌കാരങ്ങളാണ് വന്നിട്ടുള്ളതെന്നും നദെല്ല പറയുന്നു.
‘ഓരോ ദിവസവും നിങ്ങള്‍ പുതിയത് എന്തെങ്കിലും പഠിക്കുന്നു, പുതിയവ കണ്ടെത്തുന്നു, പങ്കാളിത്തമുണ്ടാക്കുന്നു, മത്സരിക്കുന്നു. അഷ്വറില്‍ ഗ്രോക്ക് 4 എത്തിയതില്‍ ആവേശമുണ്ട്. ഗ്രോക്ക് 5 നായി കാത്തിരിക്കുന്നു.’ നദെല്ല കൂട്ടിച്ചേർത്തു.