സ്വന്തം മകളെ ജോസ്മോൻ കഴുത്തുഞെരിച്ചുകൊന്നുവെന്ന് വിശ്വസിക്കാനാവാതെ നാട്ടുകാർ . ഇയാളെ നാട്ടുകാർക്ക് നല്ല മതിപ്പായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇയാൾ. അതേസമയം, സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്മോൻ പോലീസിനോടു പറഞ്ഞത്.‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.’- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലിൽ ജോസ്മോന്റെ കുറ്റസമ്മതം.
ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭർത്താവിന്റെ വീട്ടിൽ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിൻ അവരോടും എന്നും വഴക്കുകൂടുകയായിരുന്നു. വഴക്കിന്റെ കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ല ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി 11- ഓടെ വീട്ടിൽവെച്ച് കൊലപാതകം നടത്തിയെന്നാണ് ജോസ്മോൻ പോലീസിനോടു പറഞ്ഞത്. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി എയ്ഞ്ചലിന്റെ അമ്മ ജെസിയും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. അതേസമയം, പിതാവിന് കൊലപ്പെടുത്താൻ മാതാവ് ജാസ്മിനെ പിടിച്ചുവെച്ചുകൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്.. കഴുത്തിലെ രണ്ടു രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മൂന്നുവർഷം മുൻപ് വിവാഹിതയായ എയ്ഞ്ചൽ ജാസ്മിൻ, ഭർത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം വഴക്കിടുന്നതു പതിവായിരുന്നു. ജോസ്മോൻ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്കൂട്ടറെടുത്ത് എയ്ഞ്ചൽ പുറത്തുപോയി. തിരികെയെത്തിയപ്പോൾ എയ്ഞ്ചലും ജോസ്മോനുമായി മൽപ്പിടിത്തമുണ്ടായി. ഇതിനിടെ തറയിൽ വീണ തോർത്തുപയോഗിച്ച് ജോസ്മോൻ, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
ഇൻസ്പെക്ടർ ടോൾസൻ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛൻ സേവ്യറിനെ എയ്ഞ്ചൽ മർദിച്ചതായും ജോസ്മോൻ മൊഴിൽ നൽകി. സംസ്കാരം വ്യാഴാഴ്ച 12-ന് ഓമനപ്പുഴ സെയ്ന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.