ഒമാനിൽ കാക്കകൾ മൈനകൾ പോലെയുള്ള പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. ഇതിനായി വലിയ ക്യാംപയ്നുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ കാർഷിക മേഖലയ്ക്ക് വെല്ലുവിളിയാകുന്ന പക്ഷികളെയാണ് ഇത്തരത്തിൽ നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തി വന്ന ക്യാമ്പയിൻ വിജയകരമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. വിളകൾ പക്ഷികൾ കൂട്ടത്തോടെ നശിപ്പിക്കുന്നുവെന്നും ഇവയെ തുരത്തണമെന്നുമുള്ല ആവശ്യം കർഷകർ ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടികളുമായി രംഗത്ത് എത്തിയത്.
കൂടുതൽ കാർഷിക മേഖലകളുള്ള ദോഫാറിൽ അടക്കം പക്ഷികളെ നിയന്ത്രിക്കുന്നത്തിൽ വിജയം കണ്ടെന്ന് അധികൃതർ അറിയിച്ചു.
ദോഫാറിൽ നിന്ന് ഇല്ലാതാക്കിയത് 1,61,410 പക്ഷികളെയെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. 2022മുതൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി 88,365 മൈനകളെയും 73,046 കാക്കകളെയും ഇല്ലാതാക്കി. ഈ വർഷം ജൂൺ അവസാനത്തോടെ 10,449 പക്ഷികളെയാണ് ഫീൽഡ് ടീമുകൾ നശിപ്പിച്ചത്.
ക്യാമ്പയിൻ ദോഫാറിലാണ് ആരംഭിച്ചതെങ്കിലും പിന്നീട് മസ്കത്ത്, വടക്കൻ ബാത്തിന എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും ഇത് വ്യാപകമാക്കി. പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങൾ നീരീക്ഷിച്ച ശേഷം കെണിവച്ച് പിടിച്ച ശേഷം എയർഗൺ ഉപയോഗിച്ച് നശിപ്പിക്കുന്ന രീതിയാണ് തുടർന്ന് വരുന്നത്.
ഒമാനിലെ കൃഷികൾ ഗോതമ്പ്, നെല്ല് , മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയവയാണ്. ഈ വിളകൾ വൻ തോതിൽ കാക്കയും,മൈനയും ഉൾപ്പെടയുള്ള പക്ഷികൾ നശിപ്പിക്കാൻ ആരംഭിച്ചതോടെയാണ് ഇവയുടെ എണ്ണം കുറക്കാനും വ്യാപനം നിയന്ത്രിക്കുന്നതിനെപ്പറ്റിയും ചർച്ചകൾ ആരംഭിച്ചത്.
അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുടെ സഹായത്തോടെയാണ് പക്ഷികളെ നശിപ്പിച്ചത്. ഒമാനിൽ 1,60,000ൽ അധികം മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയുടെ വ്യാപനം നിയന്ത്രിക്കാൻ പരിസ്ഥിതി അതോറിറ്റി രൂപീകരിച്ച പ്രത്യേക ടീമിന്റെ നേതൃത്വത്തിലാണ് പക്ഷി നശീകരണം തുടരുന്നത്.