തിരുവനന്തപുരം: സുരക്ഷാക്രമീകരണങ്ങള്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. തലസ്ഥാന നഗരത്തില്‍ പ്രധാന പ്രദേശങ്ങളും നോ ഡ്രോണ്‍ സോണ്‍ ആയും പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
രാജ്ഭവന്‍, നിയമസഭ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടെ വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഹാര്‍ബര്‍, വിഎസ്എസ്‌സി/ ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ ഇന്റര്‍നാഷണല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂര്‍ക്കാവ്, എല്‍പിഎസ്‌സി/ ഐഎസ്ആര്‍ഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേണ്‍ എയര്‍ കമാന്‍ഡ് ആക്കുളം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,
ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 1, 2, 3, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, മിലിട്ടറി ക്യാംപ് പാങ്ങോട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ജഗതി, ശ്രപത്മനാഭ സ്വാമി ക്ഷേത്രം, പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു കാരണവശാലും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
റെഡ് സോണ്‍ മേഖലകളില്‍ ഡ്രോണ്‍ ഒരു കാരണവശാലും പറത്താന്‍ അനുവദിക്കുന്നതല്ല. എന്നാല്‍ മറ്റ് മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോണ്‍ പറത്താന്‍ സാധിക്കുകയുള്ളു. അനുമതി ഇല്ലാതെ ഡ്രോണ്‍ പറത്തിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.