യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള റിപ്പോർട്ടിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ വാർത്ത വന്നിരിക്കുന്നത്.
ശിക്ഷ നടപ്പാക്കാൻ ഇനി ഒരാഴ്‌ച്ച മാത്രമാണ് ശേഷിക്കുന്നത്. തടവില്‍ കഴിയുന്ന ജയില്‍ അധികൃതര്‍ക്കാണ് പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി. വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് സ്ഥിരീകരിച്ച് ഇന്ത്യൻ എംബസിയും രംഗത്ത് വന്നിട്ടുണ്ട്. കേസിൽ നിന്നും നിമിഷപ്രിയയെ രക്ഷിക്കാനുള്ള നിയമപരമായ എല്ലാ വഴികളും അടഞ്ഞുവെന്നാണ് ലഭ്യമായ വിവരം.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ഇനി നിമിഷപ്രിയയുടെ മോചനം സാധ്യമാവുകയുള്ളൂ എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. തലാലിന്റെ കുടുംബത്തിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. തലാൽ അബ്‌ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ വിധിച്ചത്. ദയാധനമായി 10 ലക്ഷം ഡോളർ നൽകാമെന്നാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്.
ദയാധനം കുടുംബം സ്വീകരിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ. നിലവിൽ സനയിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നത്. വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി കേസിൽ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.