നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ആദ്യമണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക.
വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.
ഉപതെരഞ്ഞെടുപ്പിൽ പത്തു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) പി വി അൻവർ (സ്വതന്ത്രൻ) എൻ ജയരാജൻ (സ്വത.) പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി (സ്വത.) ഹരിനാരായണൻ (സ്വത.). എന്നിവരാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ.ഈ മാസം 23 നാണ് വോട്ടെണ്ണൽ.
ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16-ന് പൂർത്തിയായിരുന്നു.