കേരളത്തിൽ ആത്മഹത്യ പ്രവണത കൂടുതൽ പുരുഷന്മാരിലാണെന്ന് പഠനറിപ്പോർട്ട്. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ആത്മഹത്യകൾ ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് വിഷയത്തിൽ പഠനം നടത്തിയത്.
സംസ്ഥാന തലത്തിലാണ് പഠനം നടത്തിയത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം പഠന റിപ്പോർട്ട് വൈകാതെ പ്രകാശനം ചെയ്യുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ പുരുഷന്മാർ ആണെന്ന് പഠനത്തിൽ തെളിഞ്ഞു. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരിൽ 79% ഉം പുരുഷൻമാരാണ്. 21% മാത്രമാണ് സ്ത്രീകൾ ഉള്ളത്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പുരുഷൻമാരിൽ ഏറെയും 45 നും 60 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ സ്ഥിതി വിഭിന്നമാണ്. ആത്മഹത്യ ചെയ്‌ത സ്ത്രീകളിലേറെയും 60 വയസിന് മേൽ പ്രായമുള്ളവരായിരുന്നു.
2020 മുതൽ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.
വടക്കൻ കേരളത്തെക്കാൾ തെക്കൻ കേരളത്തിലാണ് ആത്മഹത്യകൾ കൂടുതൽ ഉണ്ടാകുന്നതെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ആത്മഹത്യ നിരക്ക് കൂടുതൽ. കേരളത്തിലെ ആകെ ആത്മഹത്യകളുടെ 41% ഉം ഈ ജില്ലകളിലാണ് സംഭവിക്കുന്നത്.
തൊഴിൽരഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവർക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തിൽ തന്നെ ദിവസവേതനക്കാർക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കിടയിലുമാണ് കൂടുതൽ ആത്മഹത്യകൾ സംഭവിക്കുന്നതെന്നും ഈ റിപ്പോർട്ടിലുണ്ട്.