ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് പുതിയൊരു ആയുധം സമ്മാനിച്ചിരിക്കുകയാണ്. എക്‌സ്റ്റന്റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ഇടി-എൽഡിഎച്ച്സിഎം) എന്ന പുത്തൻ ഹൈപ്പർസോണിക് മിസൈലാണിത്.
ശബ്‌ദത്തെക്കാൾ എട്ട് മടങ്ങ് വേഗത്തിൽ സഞ്ചരിക്കുകയും 1500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും ചെയ്യുന്ന മിസൈലാണിത്.
ബ്രഹ്‌മോസ്, അഗ്നി-5, ആകാസ് മിസൈൽ സിസ്റ്റങ്ങൾ ഇന്ത്യ പുതുക്കുന്നതിനൊപ്പമാണിത്. മുൻകാലങ്ങളിലെ മിസൈലുകളിൽ തിരിയുന്ന കംപ്രസറിന്റെ ബലത്തിൽ ആണ് അവ മുന്നോട്ട് സഞ്ചരിച്ചിരുന്നതെങ്കിൽ ഈ മിസൈലിൽ എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജൻ വഴി പ്രവർത്തിക്കുന്ന സ്‌ക്രീംജെറ്റ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതുവഴി മികച്ച വേഗം കൈവരിക്കാൻ ഇടി-എൽഡിഎച്ച്സിഎമ്മിന് കഴിയും. ബ്രഹ്‌മോസ് മിസൈലിന് മാക് 3 സ്‌പീഡ് അഥവാ 3675 കിലോമീറ്റർ വേഗമാണ് ഉള്ളതെങ്കിൽ പുതിയ മിസൈലിന് അത് എട്ട് മാക് അഥവാ 11,000 കിലോമീറ്ററാണ്.
ഇടി-എൽഡിഎച്ച്സിഎമ്മിന് 1500 കിലോമീറ്ററാണ് റേഞ്ച്. 1000 മുതൽ 2000 വരെ കിലോഗ്രാം പേലോഡ് വഹിക്കാൻ മിസൈലിനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത രീതിയിലെ ആയുധങ്ങളും ആണവായുധങ്ങളും ഇത് വഹിക്കും. വളരെ താഴ്‌ന്ന പ്രതലത്തിൽ പറക്കാനാകുന്ന ക്രൂയിസ് മിസൈലിന് അതിനാൽ തന്നെ ശത്രുക്കളുടെ റഡാറിനെ എളുപ്പം കബളിപ്പിക്കാനാകും.
ഇതിന്റെ കൃത്യത ഏത് ദുർഘട ലക്ഷ്യസ്ഥാനത്തെയും തകർക്കാൻ അനുവദിക്കുന്നു. 2000ഡിഗ്രി വരെ താപനിലയെ താങ്ങാവുന്ന മിസൈലിന് ഈ സമയത്തും കൃത്യതയ്ക്ക് മാറ്റമൊന്നും വരില്ല.