ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളുണ്ടോ എന്നതൊക്കെ ഇനി തര്ക്കവിഷയമല്ലെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. അമേരിക്കയിലെ കൊളംബിയയിലെ ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയ ദുരൂഹമായ ഗോളാകൃതിയിലുള്ള ഒരു വസ്തു അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയുടെ ഭാഗമാണെന്ന വെളിപ്പെടുത്തലാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന കാര്യം ഉറപ്പാണ് എന്നാണ് പ്രമുഖ ഗവേഷകയായ ഡോ. ജൂലിയ മോസ്ബ്രിഡ്ജ് വ്യക്തമാക്കുന്നത്.
ഇങ്ങനെയൊരു തെളിവ് ലഭിച്ച സ്ഥിതിക്ക് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് നമ്മള് കൂടുതല്‍ ഗവേഷണം നടത്തേണ്ടി വരും എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും മുകളില്‍ ഒരു നിയന്ത്രണം ഉണ്ടെന്നാണ് ഭൂമിയില്‍ എല്ലാവരും വിശ്വസിക്കുന്നത് എന്നും എന്നാല്‍ അങ്ങനെ ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും കഴിയുകയില്ല എന്നുമാണ് മോസ് ബ്രിഡ്ജ് അഭിപ്രായപ്പെടുന്നത്.
അതേസമയം, കൊളംബിയയില്‍ കണ്ടെത്തിയ ഗോളാകൃതിയിലുള്ള വസ്തു മനുഷ്യന് നിര്‍മ്മിച്ചതാണെന്നാണ് റേഡിയോളജിസ്റ്റായ ഡോ. ജോസ് ലൂയിസ് വെലാസ്ക്വസ് അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന സാന്ദ്രതയുള്ള വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.
ഈ ഗോളത്തില്‍ മെസപ്പൊട്ടോമിയന്‍ ലിഖിതങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാതന ലിപികള്‍ ആലേഖനം ചെയ്തതായും കാണപ്പെടുന്നുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ ഇതില്‍ പരിശോധന നടത്തുന്നത്. 2017 ല്‍ അന്യഗ്രഹ മമ്മികള്‍ കണ്ടെടുത്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബുഗയിലെ വനങ്ങളില്‍ കണ്ടെത്തിയ ഗോളം ആധികാരികമാണെന്നാണ് അത് പുറം ലോകത്തെ അറിയിച്ച വെലെസ് എല്‍ പോട്രോ അവകാശപ്പെടുന്നത്.