തൃശൂരിൽ രണ്ട് നവജാതശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയത് തന്നെയെന്ന് എഫ്‌ഐആര്‍. മുഖം പൊത്തിപിടിച്ച് മരണം ഉറപ്പാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
നൂലുവള്ളിയിലെ വീടിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായും എഫ്ഐആറിൽ പറയുന്നു. എട്ട് മാസങ്ങള്‍ക്കു ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ബവിന് കൈമാറുകയും ചെയ്തതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെക്കുട്ടി മരിച്ചതെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. അതിനിടെ അനീഷയെ നൂലുവള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
ഇന്ന് പുലർച്ചെ നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ബവിൻ എന്ന യുവാവ് പൊലീസ് സ്റ്റേഷനില്‍ അസ്ഥികള്‍ ഹാജരാക്കിയതാണ് കേസിന്റെ തുടക്കം. ഇന്നലെ രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്.
2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അനീഷയ്ക്ക് 18ഉം യുവാവിന് 20 മായിരുന്നു അന്ന് പ്രായം. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും കൊലപ്പെടുത്തുന്നതും.കുട്ടികള്‍ക്ക് മോക്ഷം കിട്ടാന്‍ ചടങ്ങ് നടത്തണമെന്നും അതിനായി അസ്ഥി ശേഖരിച്ച് കൊണ്ടുവരാനും ബവിൻ, അനീഷയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. കടലില്‍ കൊണ്ടുകളയാമെന്നായിരുന്നു ബവിൻ പറഞ്ഞത്.