സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തെ ബാധിച്ചു. 17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളുംസംയുക്തമായി പണിമുടക്കുന്നത്. അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്.
രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സംഗമമുണ്ടാകും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 2 മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിക്കും.
പുതിയ 4 ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ആശുപത്രി, പാൽ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്തകിസാൻ മോർച്ച, റൂറൽ വർക്കർ യൂണിയൻ, റെയിൽവെ, എൻഎംഡിസി ലിമിറ്റഡ്, സ്റ്റീൽ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആശുപത്രി, മെഡിക്കൽ സ്റ്റോർ, ആംബുലൻസ്, മാധ്യമസ്ഥാപനം, പാൽ വിതരണം അടക്കമുള്ള അവശ്യസർവീസുകളെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.