ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ചയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യൻ ആയുധങ്ങൾ പാകിസ്ഥാന്റെ ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടിയെന്നും ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും മോദി പറഞ്ഞു.
പാക് വ്യോമസേനാ താവളങ്ങൾ ഇപ്പോഴും ഐസിയുവിലാണ്. എപ്പോൾ, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകി. 22 മിനിട്ടിൽ പഹൽഗാം ആക്രമണത്തിന് മറുപടി നൽകി. പാകിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മുൻപും പലതവണ സംഘർഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാകിസ്ഥാന്റെ ഉള്ളിൽ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്ഥാന് ചിന്തിക്കാൻപോലും കഴിയാത്ത സ്ഥലങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. മോദി പറഞ്ഞു.
പാകിസ്ഥാന്റെ ആണവ ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു. സംഘർഷത്തിൽ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകം അറിഞ്ഞു. ഇന്ത്യൻ നിർമിത ഡ്രോണുകളും മിസൈലുകളും പാകിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി. നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാക് ആക്രമണ നീക്കം അറിയിച്ചത് യുഎസ് വൈസ് പ്രസിഡന്റാണെന്നും അതിന് അതിനെക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് ഇന്ത്യ അറിയിച്ചതായും മോദി പറഞ്ഞു. രാജ്യത്തെ ധീരൻമാരെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. പാക് തന്ത്രങ്ങളുടെ പ്രചാരകരായി കോൺഗ്രസ് മാറുന്നു. ഭീകരരെ സൈനികർ കൊലപ്പെടുത്തിയപ്പോൾ എന്തിന് കൊലപ്പെടുത്തിയെന്ന് ചോദിക്കുന്നു. പഹൽ ഗാം കൂട്ടക്കൊലയിലും കോൺഗ്രസ് രാഷ്ട്രിയ മുതലെടുപ്പ് നടത്തി. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമാണെന്നും മോദി പറഞ്ഞു.