പാലക്കാട് പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ തീപടര്‍ന്നതിനുള്ള കാരണം വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധനചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
കാറിന്റെ ഇന്ധന പൈപ്പിന് ചോര്‍ച്ചയുണ്ടാകാമെന്നും ഇതുവഴി ലീക്കായ പെട്രോള്‍ സ്റ്റാര്‍ട്ടിങ് മോട്ടോറിന്റെ മുകളിലേക്ക് വീഴുകയും, വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈ മോട്ടോറില്‍ ഉണ്ടായ സ്പാര്‍ക്ക് മൂലം തീപിടിത്തമുണ്ടാകുകയും ചെയ്തതായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ തീ പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണം.
2002 മാരുതി സുസുക്കി 800 മോഡലാണ് തീപിടിത്തമുണ്ടായ വാഹനം. വാഹനത്തിന് മുമ്പും കേടുപാടുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എല്‍സിയും കുട്ടികളും വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ പെട്രോളിന്റെ മണമുണ്ടായിരുന്നതായാണ് കുട്ടി നല്‍കിയിരുന്ന മൊഴി. ആദ്യ ശ്രമത്തില്‍ സ്റ്റാര്‍ട്ട് ആകാതിരുന്ന വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തതോടെയാണ് വാഹനത്തില്‍ തീ പടര്‍ന്നതും വലിയ പൊട്ടിത്തെറി ഉണ്ടായതും
അതേസമയം, ഫയര്‍ ഫോഴ്‌സ് അധികൃതര്‍ നല്‍കിയ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയും മോട്ടോര്‍ വാഹനവകുപ്പ് തള്ളിക്കളയുന്നില്ല. ബാറ്ററിയില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതായിരിക്കാം തീ പടരാനുള്ള കാരണമെന്നായിരുന്നു ഫയര്‍ ഫോഴ്‌സിന്റെ പ്രഥമിക നിഗമനം.