മോട്ടോർ വാഹന വകുപ്പിന്റെ എം – പരിവാഹൻ ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാൻ എന്ന വ്യാജേന മെസേജുകളും വാട്‌സ്ആപ് സന്ദേശങ്ങളും പ്രചരിക്കുകയാണ്.
സീറ്റ് ബെൽറ്റും ഹെൽമറ്റുമൊക്കെ ധരിച്ചു വാഹനം ഓടിച്ചവർക്ക് വരെ നിയമം ലംഘിച്ചെന്ന് പറഞ്ഞ് വാട്‌സ് ആപ്പിൽ മെസേജ് അയച്ചും മോട്ടോർ വാഹന വകുപ്പിന്റെ ലിങ്ക് എന്ന വ്യാജേന അയച്ചുമാണ് തട്ടിപ്പ്.
പിഴത്തുക അടയ്‌ക്കാൻ ആപ്ലിക്കേഷൻ ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. എന്നാൽ ഇത്തരത്തിൽ എം-പരിവാഹന് ആപ്ലിക്കേഷൻ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒറ്റനോട്ടത്തിൽ വ്യാജനെ കണ്ടെത്താൻ ബുദ്ധിമുട്ടാണ് തട്ടിപ്പ് സന്ദേശത്തിൽ ചലാൻ നമ്പർ 14 അക്കമാണ്. എന്നാൽ യഥാർത്ഥ ചലാനിൽ 19 അക്കമുണ്ട്. ഈ സൈബർ തട്ടിപ്പിനെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ വകുപ്പ് വാട്‌സ്ആപ് വഴി സന്ദേശം അയയ്‌ക്കാറുണ്ടെങ്കിലും കേരളത്തിൽ ആരംഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
തട്ടിപ്പിൽ പെടാതിരിക്കാൻ ചെയ്യേണ്ടത്
ആരെങ്കിലും വാട്‌സ് ആപ്പിൽ അയച്ചു തരുന്ന ആപ്ലിക്കേഷൻ ഫയർ ക്ലിക്ക് ചെയ്യരുത്.
ഇ- ചലാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. പിഴ അടയ്‌ക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടും ഉറപ്പാക്കാം.
വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇത്തരത്തിൽ വരുന്ന സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഇത്തരം വിവരങ്ങൾ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.