വീരപ്പന് സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഭാര്യയും തമിഴ്നാട് ലൈവ്ലിഹുഡ് റൈറ്റ്സ് പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതി അംഗവുമായ മുത്തുലക്ഷ്മി വീരപ്പന്‍. ചിന്നലപട്ടിയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ തമിഴ്നാട് മന്ത്രി ഐ. പെരിയസാമിയോടായിരുന്നു മുത്തുലക്ഷ്മിയുടെ അഭ്യര്‍ത്ഥന.
സ്മാരകത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയിക്കണമെന്നും മുത്തുലക്ഷ്മി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന് മറുപടിയായി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പെരിയസാമി അവര്‍ക്ക് ഉറപ്പ് നല്‍കി. ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മുത്തുലക്ഷ്മി നടന്‍ വിജയ് അടക്കമുള്ളവർക്കെതിരെ പരോക്ഷ വിമര്‍ശനവും ഉന്നയിച്ചു.
‘പലരും തമിഴ്നാട് ഭരിക്കണമെന്ന് സ്വപ്നം കാണുന്നു. അവര്‍ നടിമാരോടൊപ്പം നൃത്തം ചെയ്ത് പണം സമ്പാദിച്ച ശേഷം അടുത്ത മുഖ്യമന്ത്രിയാണെന്ന് അവകാശപ്പെടുന്നു. അത്തരം വ്യക്തികള്‍ക്ക് നാം ഇവിടെ ഇടം നല്‍കരുത്,’ മുത്തുലക്ഷ്മി പറഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് തമിഴര്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് മുത്തുലക്ഷ്മി ആരോപിച്ചു.
‘ഇന്ന് പലരും തമിഴ്നാട് ഭരിക്കണമെന്ന് സ്വപ്നം കാണുന്നു. അവര്‍ നടിമാരോടൊപ്പം നൃത്തം ചെയ്ത് പണം സമ്പാദിച്ച ശേഷം അടുത്ത മുഖ്യമന്ത്രിയാണെന്ന് അവകാശപ്പെടുന്നു. അത്തരം വ്യക്തികള്‍ക്ക് നാം ഇവിടെ ഇടം നല്‍കരുത്,’ മുത്തുലക്ഷ്മി പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തമിഴ്നാട്ടിലെ പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ശ്രീലങ്കയിലെ തമിഴരുടെ മേല്‍ സിംഹളര്‍ നിയന്ത്രണം ഏറ്റെടുത്തതുമായാണ് ഇതിനെ അവര്‍ താരതമ്യം ചെയ്തത്.
ചന്ദനക്കടത്തും ആനക്കൊമ്പ് വേട്ടയുമായി സത്യമംഗലം കാട് അടക്കി വാണിരുന്ന കാട്ടുകള്ളനാണ് വീരപ്പന്‍. 2004 ഒക്ടോബറിലാണ് വീരപ്പന്‍ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.