വീട്ടുവളപ്പിൽ നിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ ചേർത്തല പള്ളിപ്പുറം ചൊങ്ങുംതറയിൽ സി.എം.സെബാസ്റ്റ്യനെ (68) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അതിരമ്പുഴയിൽ നിന്നു കാണാതായ കാക്കനാട്ടുകാലായിൽ ജെയ്നമ്മയുടെ (ജെയിൻ മാത്യു – 55) തിരോധാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് . ജെയ്നമ്മയുമായി ഇയാൾക്കു മുൻപരിചയം ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കത്തിച്ചശേഷം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ തലയോട്ടി, വാരിയെല്ലുകൾ, കാലിലെ എല്ലുകൾ തുടങ്ങിയവയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹാവശിഷ്ടം ജെയ്നമ്മയുടേതാണോ എന്നു കണ്ടെത്താൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നാണു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ജെയ്നമ്മയുടെ സഹോദരങ്ങളായ സാവിയോ മാണി, ആൻസി എന്നിവരുടെ രക്തസാംപിളുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതും മൃതദേഹത്തിൽനിന്നു ശേഖരിച്ച സാംപിളുകളും ലാബിലേക്ക് അയയ്ക്കും.
കാക്കനാട്ടുകാലായിൽ കെ.എം.മാത്യുവിന്റെ (മറ്റക്കര അപ്പച്ചൻ) ഭാര്യയാണു ജെയ്നമ്മ. 2024 ഡിസംബർ 23ന് ആണു ജെയ്നമ്മയെ കാണാതായത്. ധ്യാനകേന്ദ്രത്തിൽ പോയെന്നാണു വീട്ടുകാർ കരുതിയത്.
ആലപ്പുഴ പട്ടണക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സെബാസ്റ്റ്യന്റെ ഭാര്യവീട് ഏറ്റുമാനൂരിനു സമീപം വെട്ടിമുകളിലാണ്. ജെയ്നമ്മയുമായി ഏറ്റുമാനൂരിൽ വച്ചു ഇയാളുമായി പരിചയമുണ്ടാകാനുള്ള സാധ്യതയാണു പൊലീസ് പറയുന്നത്. സെബാസ്റ്റ്യന്റെയും ജെയ്നമ്മയുടെയും മൊബൈൽ ലൊക്കേഷനുകൾ വിവിധ സ്ഥലങ്ങളിൽ ഒന്നിച്ചുവന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നും ഇതാണ് ഇയാളുടെ അറസ്റ്റിലേക്കു നയിച്ചതെന്നുമാണ് സൂചന. ഈ മാസം 22നു സെബാസ്റ്റ്യൻ ഒരു കടയിൽനിന്നു മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ഈ ഫോൺ ജെയ്നമ്മയുടേതാണെന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച ജെയ്നമ്മയുടെ ഫോണിൽനിന്നു സഹോദരിയുടെ ഫോണിലേക്കു മിസ്ഡ് കോൾ വന്നിരുന്നു. സൈബർ സെൽ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഫോൺ ലൊക്കേഷൻ മേലുകാവിലാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സെബാസ്റ്റ്യന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്.
കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്ൻ മാത്യുവിന്റെ (ജെയ്നമ്മ) തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.എം.സെബാസ്റ്റ്യന്റെ ഉറ്റമിത്രവും ക്രിമിനൽ കേസ് പ്രതിയുമായ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയെ ഇന്നലെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആലപ്പുഴയിൽ യുവവ്യവസായിയെ കാർ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.