വയനാട്: ചൂരൽമല- മുണ്ടക്കൈ ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുകയാണ്. ഇന്നും കണ്ടെത്താന്‍ കഴിയാത്ത 32 പേര് ഉള്‍പ്പെടെ 298 ജീവനുകളാണ് അന്ന് ദുരന്തം കവർന്നത് . കിടപ്പാടവും ജീവിത മാർഗവും നഷ്ടപ്പെട്ടവരുടെ ഭാവി ഇന്നും ഇരുട്ടിലാണ്. ഇന്നത്തെ ദിവസം അനുസ്മരണ പരിപാടിയുൾപ്പെടെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും സംഘടനകളും.
രാവിലെ വെള്ളാർമല സ്കൂളിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വെള്ളാർമല സ്കൂൾ നിലവിൽ മേപ്പാടിയിലാണ് പ്രവർത്തിക്കുന്നതെന്ന് സ്കൂളിലെ ഹെഡ് മാസ്റ്റർ പറഞ്ഞു. കുടുംബങ്ങളുള്ള ഭാഗത്തേക്ക് സ്കൂൾ എത്തിയാൽ കുട്ടികൾക്ക് സൗകര്യപ്രദമാവുമെന്ന് ഹെഡ് മാസ്റ്റർ പറഞ്ഞു. മരിച്ച കുട്ടികളുടെ ചിത്രങ്ങളടങ്ങിയ ബോർഡ് പ്രദർശിപ്പിച്ചുകൊണ്ടാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കുട്ടികളെ അനുസ്മരിച്ചത്.
അതേസമയം, സംസ്ഥാന സർക്കാർ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് ഒരുങ്ങുകയാണ്.
ഇവിടെ 410 വീടുകൾ പടുത്തുയർത്തും. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 27നാണ് ഇതിന് തറക്കല്ലിട്ടത്. ദുരന്തത്തിന് പിന്നാലെ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 772 കോടി രൂപയാണ്. ഇതിൽ 91.74 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.