തിരുവനന്തപുരം: കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ എംഎസ്‌സി എല്‍സ-3 എന്ന ചരക്ക് കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് കടലില്‍ വീണ അപകടകരമായ ഇന്ധനമടക്കം അടങ്ങിയ കണ്ടെയ്‌നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താന്‍ സാധ്യത. ആലപ്പുഴ തീരത്തായിരിക്കും കണ്ടെയ്‌നറുകള്‍ എത്താന്‍ കൂടുതല്‍ സാധ്യതയെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്ത് എത്താനുള്ള സാധ്യതയാണുള്ളത്. കണ്ടെയ്‌നറുകള്‍ കണ്ടാല്‍ അവയുടെ അടുത്തേക്ക് പോകാനോ തൊടാനോ പാടില്ല. തീരദേശത്ത് ഇത്തരത്തിലുള്ള എന്തെങ്കിലും കണ്ടാല്‍ 112 ല്‍ വിളിച്ച് അറിയിക്കണം. അപൂര്‍വ വസ്തു തീരദേശത്ത് കണ്ടാലും അറിയിക്കണം. എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
ആലപ്പുഴ തീരത്ത് കണ്ടെയ്‌നറുകളെത്താനാണ് ഏറ്റവും കൂടുതല്‍ സാധ്യത. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മത്സ്യബന്ധനം നടത്തരുത്. എന്തെങ്കിലും കണ്ടാല്‍ 200 മീറ്റര്‍ അകലെ മാറിനില്‍ക്കണം. എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണം. റാപ്പിഡ് റെസ്‌പോണ്‍സ് ടീം എല്ലാ ജില്ലകളിലും തയ്യാറാണ്.
ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ അടക്കം ജാഗ്രത പാലിക്കണമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നില്‍ക്കുവാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.