ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റർ എംഎസ് ധോണി ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് എംഎസ് ധോണിയെന്ന് റിപ്പോർട്ട്. ഇനി മുതല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് രജിസ്റ്റർ ചെയ്യുന്നതിനായുള്ള അപേക്ഷ താരം സമര്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രേഡ് മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് താരം അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ അഞ്ചിനാണ് ധോണി അപേക്ഷിച്ചത്. ജൂണ്‍ 16ന് ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോര്‍ട്‌സ് പരിശീലനം, പരിശീലന സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കുള്ള വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ധോണിക്ക് ക്യാപ്റ്റന്‍ കൂള്‍ വിളിപ്പേര് വന്നത്. ഗ്രൗണ്ടില്‍ സമചിത്തനായി നിന്നു ടീമിനെ നയിച്ചത് ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ഇതോടെയാണ് ക്യാപ്റ്റന്‍ കൂള്‍ പേര് ധോണിക്ക് ലഭിച്ചത്.
കായിക താരങ്ങള്‍ അവരുടെ പേരിനൊപ്പമുള്ള വിശേഷണങ്ങള്‍ ട്രേഡ്‌മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാറുള്ളത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്‍റെ വിശേഷണമായ സിആര്‍7 ഇത്തരത്തില്‍ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിആര്‍ 7ന് കീഴില്‍ വലിയൊരു ബിസിനസ് സാമ്രാജ്യവും റൊണാള്‍ഡോക്കുണ്ട്.
ബാസ്കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാന്‍ ‘ജംപ്മാന്‍’ ലോഗോയാണ് തന്‍റെ ബ്രാന്‍ഡായ എയര്‍ ജോര്‍ദാനായി ഉപയോഗിക്കുന്നത്. ഇന്ത്യൻ താരം വിരാട് കോലിയാകട്ടെ തന്‍റഎ ജേഴ്സി നമ്പറായ 18നെ അനുസ്മരിപ്പിക്കുന്ന വണ്‍ 8 എന്ന ലോഗോയാണ് ഹോട്ടല്‍ ശൃംഖല അടക്കമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.