എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് നീക്കാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്. കൂടാതെ ജയില്‍ വകുപ്പിലും കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പമ്പയില്‍നിന്ന് ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയതിന് അജിത്കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പമ്പ-ശബരിമല പാതയില്‍ ട്രാക്ടറില്‍ യാത്രചെയ്യുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നതിലാണ് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ എഡിജിപിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
കാലിന് വേദനയായതിനാലാണ് ട്രാക്ടറില്‍ പോയതെന്ന് മറുപടി കിട്ടിയിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്ലെന്നുകാണിച്ച് ഡിജിപി, ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിച്ചശേഷം ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.