മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വൃഷഭ’യുടെ റിലീസ് തിയതി പുറത്ത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഒപ്പം പുതിയ പോസ്റ്ററും മോഹന്‍ലാല്‍ റിലീസ് ചെയ്തിട്ടുണ്ട്. ആരാധകര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹന്‍ലാല്‍ പങ്കുവച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ആയിരുന്നു അവസാന ഷെഡ്യൂള്‍. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ റിലീസിനെത്തും.
മോഹന്‍ലാലിനൊപ്പം ധാരാളം മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.
ഫാന്റസി ആക്ഷന്‍ ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. സഹ്റ എസ് ഖാന് ആണ് ചിത്രത്തിലെ നായിക. ഒരേസമയം മലയാളത്തിലും തെലുങ്കിലുമാണ് ചിത്രം ചിത്രീകരിക്കുന്നത്. ഷാനയ കപൂര്‍, രമ്യാ കൃഷ്ണ, സിമ്രാന്, രവിശങ്കര്‍, ശരത്കുമാര്, കെജിഎഫ് ഫെയിം ഗരുഡ റാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.