മോഹൻലാലിന്റെ ഡൈഹാർഡ് ഫാൻസിനെ ഏറെ സന്തോഷിപ്പിക്കുന്ന ഒരുവാർത്ത വന്നിരിക്കുകയാണ്. നടന്റെ ഊട്ടിയിലെ സ്വകാര്യ വസതിയായ ‘ഹൈഡ് എവേ’ ഇനി ആരാധകർക്കും സഞ്ചാരികൾക്കുമായി തുറന്നുകൊടുക്കുന്നു. ‘ലക്സ് അൺലോക്ക്’ എന്ന വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ മൂന്ന് കിടപ്പുമുറികളുള്ള ആഢംബര വില്ലയ്ക്ക് ധാരാളം ആകർഷക ഘടകങ്ങളുണ്ട്.
ഏകദേശം പത്തുവര്‍ഷം മുന്‍പ് നിര്‍മിച്ച ഈ ആഢംബര വില്ല അദ്ദേഹത്തിന്റെ കുട്ടികൾ ഊട്ടിയിൽ പഠിക്കുമ്പോൾ കുടുംബത്തിലെ എല്ലാവര്‍ക്കും ഒത്തുചേരാനുള്ള ഒരു സ്ഥലമായിരുന്നു. ഊട്ടിയില്‍നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ ഈ ആഡംബരവസതിയില്‍ എത്താം.
ഈ വില്ലയിൽ 3 കിടപ്പുമുറികളാണുള്ളത്. ഇതിൽ രണ്ട് കിടപ്പുമുറികൾ മോഹന്‍ലാലിന്റെ മക്കളായ പ്രണവിന്റേയും വിസ്മയയുടേയും പേരിലാണ് . ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ഇവിടെയുണ്ട്.
300 മോഹൻലാൽ കാരിക്കേച്ചറുകളുള്ള ഒരു ഫാമിലി റൂം, ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, ‘ബറോസ് 3D’ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ ഉപയോഗിച്ച തോക്കുകളുടെ മാതൃകകൾ അടങ്ങിയ ഒരു ‘ഗൺ ഹൗസ്’ എന്നിവയും ഈ വില്ലയില്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതിനെല്ലാം പുറമെ, വില്ലയ്ക്ക് സമീപമുള്ള വനങ്ങളിൽ പലപ്പോഴും പുള്ളിപ്പുലികളെ കാണാറുണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു. ഒരുരാത്രിയും പകലും താമസിക്കാന്‍ 37,000 രൂപയാണ് വാടക.
25 വർഷത്തിലേറെയായി മോഹൻലാൽ കുടുംബത്തിനൊപ്പമുള്ള ഷെഫിന്റെ സേവനവും ഇവിടെ ലഭിക്കും. കേരളീയഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വില്ലയുടെ പരസ്യം വൈറലായിക്കഴിഞ്ഞു.