ലോര്‍ഡ്‌സ് ടെസ്റ്റിനിടെ നടത്തിയ പെരുമാറ്റച്ചട്ട ലംഘനത്തിന് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് പിഴയിട്ട് ഐസിസി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയതിനു പിന്നാലെയുള്ള സിറാജിന്റെ അതിരുവിട്ട ആവേശമാണ് പ്രശ്‌നമായത്. ലെവല്‍ 1 പ്രകാരമുള്ള ലംഘനത്തിന് താരത്തിന് മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ ചുമത്തിയത്. താരത്തിന് ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചു.
ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആറാം ഓവറിലായിരുന്നു സംഭവം. ഡക്കറ്റിനെ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ച ശേഷം ഫോളോ ത്രൂവില്‍ താരത്തിന്റെ തൊട്ടടുത്തുപോയാണ് സിറാജ് വിക്കറ്റ് ആഘോഷിച്ചത്. ഇതിനിടെ ഡക്കറ്റിന്റെ ദേഹത്ത് സിറാജ് തട്ടുകയും ചെയ്തു.
അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു ബാറ്ററെ പുറത്താക്കുമ്പോള്‍ അധിക്ഷേപിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുന്ന ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5-ന്റെ ലംഘനമായി ഇത് കണക്കാക്കപ്പെട്ടു.
ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ പോള്‍ റീഫല്‍, ഷര്‍ഫുദ്ദൗള ഇബ്നെ ഷാഹിദ്, മൂന്നാം അമ്പയര്‍ അഹ്സാന്‍ റാസ, നാലാം അമ്പയര്‍ ഗ്രഹാം ലോയ്ഡ് എന്നിവര്‍ സംയുക്തമായാണ് സിറാജിനെതിരേ റിപ്പോര്‍ട്ട് നല്‍കിയത്. 24 മാസത്തിനുള്ളില്‍ സിറാജിന് ലഭിക്കുന്ന രണ്ടാമത്തെ ഡീമെറിറ്റ് പോയിന്റാണിത്. കഴിഞ്ഞ വര്‍ഷം അഡലെയ്ഡില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മുമ്പ് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു.