ഭാര്യയെ അപായപ്പെടുത്തി പണം തട്ടാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കേരളഹൈക്കോടതിയെ സമീപിച്ചയാളോട് സംഭവിച്ചതെന്തെന്ന് പറഞ്ഞ് മനസ്സിലാക്കി കോടതി. സിനിമയെപ്പോലും വെല്ലുന്ന ചില സംഭവങ്ങളാണ് തന്റെ ജീവിതത്തിൽ ഉണ്ടായതെന്ന് മനസ്സിലാക്കിയ അയാൾ ഒടുവിൽ പങ്കാളി തന്നെ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.
നിങ്ങളുടെ ഭാര്യ നിങ്ങളെ കല്യാണം കഴിച്ചിട്ടില്ലെന്നും അവർക്ക് നിങ്ങളോട് സൗഹൃദം മാത്രമാണുണ്ടായിരുന്നത് എന്നുമാണ് അവർ പറയുന്നത്. അവർക്ക് നിങ്ങൾ പണം നൽകുകയായിരുന്നു എന്നും ഇനി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അവർ പറയുന്നു. നിങ്ങൾ പുറകെ നടന്ന് ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായി താൻ മരിച്ചു പോയെന്നു വരുത്തി തീർക്കാൻ ഒരു പദ്ധതി തയാറാക്കുകയായിരുന്നു എന്നും അവർ പറഞ്ഞു’’, എന്നാണ് കോടതി പരാതിക്കാരനോട് പറഞ്ഞത്.
വഞ്ചനാ കുറ്റത്തിനോ പണം തിരിച്ചു കിട്ടുന്നതിനോ ആവശ്യമെങ്കിൽ നിയമവ്യവസ്ഥയെ സമീപിക്കാമെന്നു വ്യക്തമാക്കിയ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച്, ‘ ഹേബിയസ് കോർപസ് ഹർജി തള്ളുകയാണെന്നും വ്യക്തമാക്കി. സിനിമാ കഥകളെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് കോടതി മുറിയിൽ 63കാരനായ ചെന്നൈ സ്വദേശി ഹാജരായതും ഭാര്യയെന്ന് അദ്ദേഹം അവകാശപ്പെട്ട 44കാരിയായ ശ്രദ്ധ ലെനിൻ തമ്പിയെ പൊലീസ് ഹാജരാക്കിയതും. അതിന് ഇടയാക്കിയതാവട്ടെ കോടതിയുടെ അതിവേഗ ഇടപെടലുകളും. ഒപ്പം 2.39 കോടി രൂപയുടെ തട്ടിപ്പിനു പിന്നിലെ കാര്യങ്ങളും വെളിവായി.
2022ലാണ് തമിഴ്നാട് വൈദ്യുതി ബോർഡിൽനിന്ന് ജൂനിയർ എൻജിനീയറായി വിരമിച്ച ചെന്നൈ സ്വദേശിയും ഗ്വാളിയർ സ്വദേശിയായ ശ്രദ്ധയും വിവാഹമോചിതർക്കു വേണ്ടിയുള്ള മാട്രിമോണിയൽ വെബ്സൈറ്റ് വഴി വിവാഹിതരാകുന്നത്. തുടർന്ന് തങ്ങൾ വിവാഹം കഴിച്ച് ദമ്പതികളായി ഒരുമിച്ചു ജീവിച്ചു എന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഭാര്യക്ക് കേരളത്തിൽ സുഹൃത്തുക്കളുള്ളതിനാൽ ഇടക്കിടെ അവിടേക്ക് പോവുകയും തൃശൂർ മണ്ണൂത്തി സ്വദേശിയായ ജോസഫ് സ്റ്റീവൻ എന്ന കുടുംബ സുഹൃത്തിനൊപ്പം താമസിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.