കീമിൽ എല്ലാ കുട്ടികൾക്കും തുല്യമായ നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് കടുത്ത അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക് 35 മാര്‍ക്ക് കുറവാകുന്ന സ്ഥിതിയുണ്ട്.
ഈ വ്യത്യാസം മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന് ഏതു സമയത്ത് വേണമെങ്കിലും നിബന്ധനകളില്‍ മാറ്റം വരുത്താവുന്നതാണ് എന്ന് , പ്രോസ്‌പെക്ടസില്‍ ഒരു പ്രോവിഷന്‍ കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മന്ത്രി പറഞ്ഞു.
സ്റ്റാന്റഡൈസേഷനില്‍ തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു കുട്ടിക്കും നഷ്ടം വരരുതെന്ന് കരുതി സദുദ്ദേശപരമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചു. ഡിവിഷന്‍ ബെഞ്ച് ആ വിധിയുടെ മേല്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
മന്ത്രിസഭ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തത്. അതില്‍ തനിക്ക് ഇപ്പോഴും ഒരു സംശയവുമില്ല. അതേക്കുറിച്ച് വിശദീകരിക്കണ്ട ബാധ്യതയന്നുമില്ല. നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ എന്നും മന്ത്രി ബിന്ദു മാധ്യമങ്ങളെ പരിഹസിച്ചു. വലിയ കോടതിയാകേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.