മില്‍മയുടെ ഡിസൈന്‍ ദുരുപയോഗിച്ചതിന് സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴചുമത്തി കോടതി. ‘മില്‍ന’ എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.മിൽമയുടേതിന് അനുരൂപമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ അടക്കാൻ സ്ഥാപനത്തിന് നിർദേശം നൽകി.
അതേസമയം, മിൽമക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. മിൽമയുടെ ബ്രാൻഡ് ഇമേജിനെ നശിപ്പിക്കുകയും അതുവഴി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികളും ഉണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.