ഇംഗ്ലണ്ടിനെതിരായ പരമ്പര വഴി പുതിയ വീരേന്ദര്‍ സേവാഗിനെയാണ് ഇന്ത്യ കണ്ടെത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയാണ് ക്ലാര്‍ക്ക് പുതിയ സേവാഗെന്ന് വിശേഷിപ്പിച്ചത്. ജയ്‌സ്വാള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നും ക്ലാര്‍ക്ക് പ്രകീർത്തിച്ചു.
ഇപ്പോഴുള്ള രീതിയില്‍ കളിക്കുന്നത് തുടര്‍ന്നാല്‍ ജയ്‌സ്വാള്‍ ടീമിന് മുതല്‍ക്കൂട്ടായ ഓപ്പണറായി മാറും. ജയ്‌സ്വാള്‍ കളിക്കുന്ന രീതി മികച്ചതാണ്. പ്ലാന്‍ അനുസരിച്ച കരിയര്‍ മുന്നോട്ടു പോയാല്‍, വീരേന്ദര്‍ സേവാഗിനെപ്പോലൊരു സൂപ്പര്‍ സ്റ്റാറായി ജയ്‌സ്വാള്‍ മാറും. ക്ലാര്‍ക്ക് പറഞ്ഞു.
അപകടകാരിയും, ആക്രമണോത്സുകതയുമുള്ള ബാറ്ററാണ് ജയ്‌സ്വാള്‍. ‘എത്ര അത്ഭുതകരമായ കളിക്കാരന്‍’ എന്ന് അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ പുറത്തെടുത്തത്. സേവാഗും ഇതുപോലെ മികച്ച രീതിയില്‍ കളിക്കുന്ന സമയത്ത് ഒരാള്‍ക്കും തടയാന്‍ കഴിയില്ലായിരുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആകെ 411 റണ്‍സാണ് യശസ്വി ജയ്‌സ്വാള്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളും നേടിയിരുന്നു.