ദില്ലി: ഇന്ത്യയിലെയും ബ്രസീലിലെയും ഉപയോക്താക്കളെ ലക്ഷ്യമിട്ട് വന്‍തോതിലുള്ള സൈബര്‍ തട്ടിപ്പിന് നീക്കം നടന്നിരുന്നുവെന്ന് മെറ്റ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഇത്തരത്തിലുള്ള 23,000-ത്തില്‍ അധികം വ്യാജ അക്കൗണ്ടുകളും പേജുകളും നീക്കം ചെയ്തതായാണ് കമ്പനി അറിയിച്ചത്.
ആളുകളെ കബളിപ്പിക്കുന്നതിനായി പ്രശസ്ത യൂട്യൂബര്‍മാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും ബിസിനസുകാരുടെയും വ്യാജ വീഡിയോകളും ഡീപ്ഫേക്കുകളും സൃഷ്ടിച്ചായിരുന്നു ഇത്തരക്കാരുടെ തട്ടിപ്പ്. ഇങ്ങനെയുള്ള വ്യാജ അക്കൗണ്ടുകള്‍ വഴി, നിക്ഷേപ ഉപദേശം നല്‍കാനെന്ന വ്യാജേന മെസേജിംഗ് ആപ്പുകളിലേക്ക് ആളുകളെ വിളിച്ചുവരുത്തി. തുടര്‍ന്ന് ആളുകളെ വ്യാജ വെബ്സൈറ്റുകളിലേക്ക് അയച്ചുകൊണ്ട് അവരുടെ പണം തട്ടിയെടുക്കുകയായിരുന്നു.
മാര്‍ച്ചില്‍ ഇത്തരത്തിലുള്ള തട്ടിപ്പില്‍ ഉള്‍പ്പെട്ട 23,000-ത്തിലധികം ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി മെറ്റ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കളെ ബോധവാന്മാരാക്കുന്നതിനായി നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഫേസ്ബുക്കിന് മാത്രം 375 ദശലക്ഷത്തിലധികം (37.5 കോടി) ഉപയോക്താക്കളുണ്ട്. .
ഓണ്‍ലൈന്‍ സുരക്ഷയും ഡിജിറ്റല്‍ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT), ഉപഭോക്തൃകാര്യ വകുപ്പ് (DoCA), ഇന്ത്യന്‍ സൈബര്‍ ക്രൈം സെന്റര്‍ (I4C) തുടങ്ങിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരവധി ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മെറ്റ പറഞ്ഞു.