കാനഡയിലുള്ള തന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം. വിവാഹശേഷം അയാളെയും അവിടേക്ക് കൊണ്ട് പോകാനാണ് പ്ലാൻ ഈ വാക്കിൽ വിശ്വസിച്ചു പോയത് നിരവധി യുവാക്കളാണ് . ഇത്തരത്തിൽ വൻ തട്ടിപ്പ് നടത്തിയ സംഘത്തെ ഇപ്പോൾ പഞ്ചാബിലെ ഖന്ന പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
അമ്മയും മകളും ചേര്‍ന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ എന്നാണ് പോലീസ് കണ്ടെത്തല്‍. സുഖ്ദർശൻ കൗർ, മകൾ ഹർപ്രീത് കൗർ എന്ന ഹാരി എന്നിവരാണ് പ്രതികൾ. കുറഞ്ഞത് ഏഴ് കുടുംബങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഈ സംഘം തട്ടി എടുത്തത്. കാനഡയിൽ താമസിക്കുന്ന ഹർപ്രീതിന്‍റെ ചിത്രങ്ങളും വീഡിയോകളും യുവാക്കളെ കാണിക്കുകയും വീഡിയോ കോളുകളിലൂടെ വിവാഹനിശ്ചയം നടത്തുകയും ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹത്തിനായി യുവതി ഉടൻ തിരിച്ചെത്തുമെന്ന് ഈ കുടുംബങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പണം കയ്യിലെത്തിക്കഴിഞ്ഞാൽ പിന്നെ പതിയെ സർവ്വ ബന്ധങ്ങളും അവസാനിപ്പിച്ചു പോകുന്നതാണ് ഇവരുടെ രീതി.
ഒടുവിൽ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അബദ്ധത്തിൽ ഒരു യുവാവിന് ലഭിച്ചതോടെയാണ് എല്ലാം പൊളിയുന്നത്. ഇതിന് പിന്നാലെ അന്വേഷണത്തിൽ വ്യാജ വിവാഹനിശ്ചയങ്ങളും ചൂഷണവും ഉൾപ്പെട്ട ആസൂത്രിത തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായി. നിലവിൽ കാനഡയിലുള്ള ഹർപ്രീതിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇത്തരം അസാധാരണമായ
വിവാഹ വാഗ്ദാനങ്ങളെക്കുറിച്ച് കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിൽ പണം നൽകുന്നതിന് മുമ്പ് വിവരങ്ങൾ നന്നായി പരിശോധിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.