യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ നടന്‍ വിനായകന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഗായകന്‍ കെജി മാര്‍ക്കോസ്.
യേശുദാസിനെ അപമാനിക്കാന്‍ വിനായകന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും നല്ല പെരുമാറ്റമോ വിദ്യാഭ്യാസമോ ഇദ്ദേഹത്തിന് ഉണ്ടോയെന്നും കെജി മാര്‍ക്കോസ് ചോദിക്കുന്നു. ഇന്നത്തെ തലമുറയിലെ ആസ്വാദകര്‍ വളരെ മോശമായിട്ടാണ് മുന്‍ഗാമികളായ പലരെയും സംബോധന ചെയ്യുന്നത്. വിനായകന്‍ മലയാള സമൂഹത്തിന് മുന്നില്‍ മാപ്പ് പറയാന്‍ തയ്യാറാകണം. അല്ലെങ്കില്‍ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്‌കരിക്കണമെന്നും കെജി മാര്‍ക്കോസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ അവര്‍കളുടെ വിഷയവുമായി ബന്ധപ്പെടുത്തി, നടന്‍ വിനായകന്‍ ഇന്ത്യയുടെ തന്നെ മഹാ ഗായകരില്‍ ഒരാളായ, മലയാളത്തിന്റെ ശ്രീ. യേശുദാസ് അവര്‍കളെ അപമാനിച്ചുകൊണ്ട് സമൂഹ മാദ്ധ്യമത്തിലൂടെ നടത്തിയ പരാമര്‍ശനം അങ്ങേയറ്റം ഹീനവും പ്രതിഷേധാര്‍ഹവുമാണ്. വിനായകന് ശ്രീ. യേശുദാസിനെ അപമാനിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ചില ഗുണ്ടാ റോളുകള്‍ ചെയ്ത് മലയാള സിനിമയില്‍ ഒരൂ അഭിനേതാവായി കയറിക്കൂടി എന്നതൊഴിച്ചാല്‍, ഇദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ എന്ത് വിശേഷ ഗുണമാണ് ഉള്ളത്?
നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഇദ്ദേഹത്തിനുണ്ടോ? മലയാള സമൂഹത്തിനു മുന്നില്‍ ഇദ്ദേഹം ക്ഷമ പറയണം. അല്ലെങ്കില്‍ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്‌ക്കരിക്കാന്‍ മുന്നോട്ട് വരണം. ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നീതിന്യായ വ്യവസ്ഥിതി പ്രകാരം മ്ലേച്ചമായ പെരുമാറ്റത്തിന് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണം. ഇന്നത്തെ തലമുറയിലെ ആസ്വാദകര്‍ വളരെ മോശമായിട്ടാണ് മുന്‍ഗാമികളായ പലരെയും സംബോധന ചെയ്യുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും. സംഗീതത്തെ സംബന്ധിച്ചു യേശുദാസിന്റെ മഹത്വവും സംഭാവനകളും അറിയാത്ത സമൂഹമാണ് അദ്ദേഹത്തെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും. അദ്ദേഹം പാടി വച്ചിരിക്കുന്ന പാട്ടുകളിലെ ഒരു വരി അതിന്റെ പൂര്‍ണ്ണതയോടുകൂടി ആസ്വദിക്കാനോ പ്രതിഫലിപ്പിക്കാനോ കഴിയാത്തവരാണ് വലിയ സംഗീത(അ)ജ്ഞരായി അഭിപ്രായം പറയുന്നത്. പണ്ടൊക്കെ കൂട്ടുകുടുംബ കാലത്ത് 60 വയസു കഴിഞ്ഞ ഒരാള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ആ ആള്‍ മുത്തശ്ശനാണ്. അച്ഛന്റെയോ അമ്മയുടെയോ അച്ഛന്‍. ഇന്ന് അത് 70 ആക്കാം. ഇത് 70 ഉം കടന്ന് 85 ല്‍ നില്‍ക്കുന്ന മുതു മുത്തശ്ശനാണ്. മുതിര്‍ന്നവരോടുള്ള പുതു തലമുറയുടെ കാഴ്ചപ്പാട് മാറേണ്ടതായിട്ടുണ്ട്. മലയാളത്തിന്റെ / മലയാളിയുടെ അഭിമാനമായ ഗന്ധവ്വ ഗായകന്‍ ശ്രീ. യേശുദാസിനെ അവഹേളിക്കുന്ന ഈ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. എന്റെ പ്രതിഷേധം ഞാന്‍ ഇവിടെ കുറിക്കട്ടെ..