ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. വൻ വിജയമായിരുന്നു. മാര്‍ക്കോയുടെ തുടര്‍ച്ചയുണ്ടാകുമെന്ന് അണിയറക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ മാർക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് തുറന്ന് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
‘ബ്രോ, ക്ഷമ ചോദിക്കുന്നു. മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. നിങ്ങളുടെ സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി’, ഉണ്ണി മുകുന്ദൻ കുറിച്ചു. തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകന് മാര്‍ക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ച് എത്തിയിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമായാണ് ഉണ്ണി മുകുന്ദന് ഇക്കാര്യം അറിയിച്ചത്.
ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. ചിത്രമിപ്പോൾ സോണി ലിവിൽ ലഭ്യമാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്.