മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ, സൗബിൻ ഷാഹിറിനെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി കൊച്ചി പൊലീസ്. സൗബിൻ നൽകിയ രേഖകൾ പൂർണമല്ലെന്നും കണക്കുകൾ ഇനിയും ഹാജരാക്കാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടില്ല. നടനെ ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
തുടർച്ചയായ രണ്ടാം ദിവസമാണ് സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, മറ്റൊരു നിർമാതാവായ ഷോൺ ആൻറണി എന്നിവരെ മരട് പൊലീസ് ചോദ്യം ചെയ്തത് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭ വിഹിതത്തിൻറെ നാൽപ്പത് ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തൻറെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നും കാട്ടി അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.. സിനിമയുടെ നിർമാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽനിന്ന് വാങ്ങിയെന്നാണ് പരാതി.
എന്നാൽ ഇയാൾ വാഗ്ദാനം നൽകിയ പണം കൃത്യസമയത്ത് നൽകിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിർമാതാക്കൾ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിർമാതാക്കൾ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നൽകാത്തതെന്നാണ് നിർമാതാക്കളുടെ വാദം.
കണക്കുകൾ ഇനിയും ബോധിപ്പിക്കാനുണ്ടെന്നു ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.
മൂവർക്കും മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.കേസിൽ എൻഫോഴ്സമെൻറ് ഡയറക്ടറേറ്റിൻറെ അന്വേഷണവും തുടരുകയാണ്.
ഹൈക്കോടതിയിൽ കേസ് പുരോഗമിക്കുന്നതിനിടെ, പ്രതികൾ പരാതിക്കാരന് 5.99 കോടി രൂപ നൽകിയിരുന്നു. പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരൻ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം.