ടോയ്ലെറ്റ് സീറ്റിലിരുന്ന് കോടതി നടപടികളില്‍ പങ്കെടുത്ത സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയുമായി ഗുജറാത്ത് ഹൈക്കോടതി. കഴിഞ്ഞമാസമാണ് ടോയ്ലറ്റ് സീറ്റിലിരുന്ന് യുവാവ് വെര്‍ച്വല്‍ കോടതിയില്‍ ഹാജരായത്. കോടതിയലക്ഷ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. ജസ്റ്റിസുമാരായ എഎസ് സുപെഹിയ, ആർ ടി വച്ചാനി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഈ നടപടി.
സൂറത്തില്‍ നിന്നുള്ള സമദ് അബ്ദുള്‍ റഹ്മാന് ഷാ എന്നയാളാണിത് . രണ്ടു പേര്‍ക്കെതിരെ സമദ് നല്കിയ പരാതിയുടെ വാദത്തിനായാണ് ഇയാള്‍ വെര്‍ച്വല്‍ കോടതിയിലെത്തിയത്. കോടതിയില്‍ നേരിട്ടെത്തിയ സമദ് നിരുപാധികം മാപ്പ് പറയുമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ ജൂലായ് 22 ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് കോടതി രജിസ്ട്രിക്ക് മുന്‍പാകെ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
കോടതിയിൽ വേണ്ട ഉചിതമായി പെരുമാറ്റത്തെക്കുറിച്ച് വാദിയെ ഉപദേശിച്ചിട്ടുണ്ടോയെന്നും കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. ഉചിതമായ രീതിയിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ടോയ്ലറ്റ് സീറ്റിൽ വിശ്രമിക്കുന്നതിനിടെ വിഡിയോ ൈവറലായതിന് പിന്നാലെ കോടതി സ്വമേധയാ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. കോവിഡ് മുതല്‍ തന്നെ ഗുജറാത്ത് ഹൈക്കോടതി വെര്‍ച്വല്‍ വിചാരണയിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോടതിയുടെ യൂട്യൂബ് ചാനൽ വഴി നടപടിക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.