നിമിഷപ്രിയയുടെ മോചനത്തെ ബാധിക്കുന്ന തരത്തിൽ തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതിനായി അതുവരെ പോരാടണം ആര് പറഞ്ഞാലും പിന്തിരിയരുത് തുടങ്ങിയ കമന്റുകളാണ് സഹോദരന്റെ അബ്ദൽ ഫത്താഹ് മെഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെയുള്ളത്. തലാലിന്റെ സഹോദരന് മനസ്സിലാകാൻവേണ്ടി അറബിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് പോസ്റ്റുചെയ്തിരിക്കുന്നത്.
വധശിക്ഷ ഒഴിവാക്കാൻവേണ്ടി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെയും യെമെനിലെ പണ്ഡിതൻ ഹബീബ് ഉമർബിൻ ഹാഫിളിനെയും അധിേക്ഷപിക്കുന്ന തരത്തിലുള്ള കമന്റുകളും ഇതിലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല, കേരളത്തിൽ ഇതുസംബന്ധിച്ച്ന ടക്കുന്ന ചർച്ചകളും സംസാരങ്ങളും അറബിയിലേക്ക് പരിഭാഷപ്പെടുത്തി ചിലർ തലാലിന്റെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുന്നുമുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഇത്തരം കാര്യങ്ങൾ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സമാവുമെന്നാണ് ആശങ്ക.
അതേസമയം, ‘തലാൽ എന്റെ മകനാണ്, തലാലിന് സംഭവിച്ചത് എന്റെ മകനുസംഭവിച്ചതുപോലെ എന്നെ വേദനിപ്പിക്കുന്നു’വെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. അവരോട് കാലുപിടിച്ച് മാപ്പുചോദിക്കുന്നു. അവനുവേണ്ടി ജീവൻ അർപ്പിക്കാൻ ഞാൻ തയ്യാറാണ്. ആ മകന്റെ ആത്മാവിന് ശാന്തികിട്ടാൻ ഞാൻ പ്രാർഥിക്കുകയാണെന്നും പ്രേമകുമാരി പറഞ്ഞു.