മഹീന്ദ്രയുടെ ഥാര്‍ റോക്‌സ് ഇനി പൊലീസ് സേനയിലേക്ക്. നാഗാലാന്‍ഡ് പൊലീസിലേക്കാണ് റോക്‌സെത്തുന്നത്. ആദ്യമായാണ് രാജ്യത്തെ ഒരു പൊലീസ് സേനയുടെ വാഹനമായി മഹീന്ദ്രയുടെ ഈ ലൈഫ് സ്‌റ്റൈല്‍ എസ് യു വി മാറുന്നത്. വെള്ള നിറത്തിലുള്ള റോക്‌സ്, സേനയിലേക്കെത്തുമ്പോള്‍ ചില മാറ്റങ്ങളുമുണ്ട്. നീല നിറത്തിലുള്ള ഇന്‍സേര്‍ട്ട്, പൊലീസ് ബാഡ്ജിങ്, ബീക്കണ്‍ ലൈറ്റുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ, ബോണറ്റിന്റെ രണ്ടു വശങ്ങളിലുമായി ഫ്‌ലാഗ് സ്റ്റമ്പുകളുമുണ്ട്.
ഥാര്‍ റോക്‌സിന്റെ ഉയര്‍ന്ന വേരിയന്റാണ് പൊലീസിലേക്ക് എത്തിയിരിക്കുന്നത്. സേനയുടെ സുരക്ഷാവിഭാഗത്തിലേക്കായിരിക്കും ഈ എസ് യു വി തിരഞ്ഞെടുത്തിരിക്കുന്നത് എന്നനുമാനിക്കാം. പ്രൊജക്ഷന്‍ ഹെഡ് ലാമ്പ്, അലോയ് വീലുകള്‍, എല്‍ ഇ ഡി ഫോഗ് ലാമ്പ് തുടങ്ങിയ ഫീച്ചറുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാണാവുന്നതാണ്. ബ്രൗണ്‍ നിറമാണ് ഇന്റീരിയറിനു എന്നാണ് സൂചന.
ഥാര്‍ റോക്‌സ് മഹീന്ദ്രയുടെ സൂപ്പര്‍ഹിറ്റ് വാഹനങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷമാണ് ഇത് വിപണിയിലേക്കെത്തിയത്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്‌സ്‌പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്‌സ് 4X2 മോഡലുകളിലേക്കു വരുമ്പോള്‍ 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം വരെയുണ്ട് വില.
മഹീന്ദ്രയുടെ 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനും എംസ്റ്റാലിയോണ്‍ പെട്രോള്‍ എന്‍ജിനുമാണ് 4×2 മോഡലില്‍. ഡീസല്‍ എന്‍ജിന് 128.6 കിലോവാട്ട് കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. പെട്രോള്‍ എന്‍ജിന് 130 കിലോവാട്ട് കരുത്തും 380 എന്‍എം ടോര്‍ക്കും. ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്.