നസീർ വിവാദത്തിൽ മാപ്പ് പറഞ്ഞിട്ടും നടന്‍ ടിനി ടോമിനെ പിന്തുടർന്ന് വിവാദം. കഴിഞ്ഞ ദിവസം പ്രേം നസീറിനെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ ടിനി ടോം മാപ്പ് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തില്‍ പ്രേം നസീറിന്റെ അവസാനകാലത്തെക്കുറിച്ച് ടിനി പറഞ്ഞതാണ് വിവാദമായത്. പ്രേം നസീര്‍ അവസാനകാലത്ത് അവസരം കുറഞ്ഞതില്‍ വിഷമിച്ചാണ് മരിച്ചതെന്നാണ് ടിനി പറഞ്ഞത്. ടിനിയുടെ മാപ്പപേക്ഷയ്ക്ക് ശേഷം പ്രതികരണവുമായി സംവിധായകൻ എംഎ നിഷാദ് രംഗത്തുവന്നു.
”പറയാതെ വയ്യ. മാപ്പ് പറഞ്ഞുവെന്ന് അറിയുന്നു. വാ വിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയില്ല. അത് ആ മാന്യദേഹത്തിനറിയാം. വിവരക്കേട് വിളിച്ച് പറയുക. എന്നിട്ട് മാപ്പിരക്കുക. കഷ്ടം തന്നെ ഡീം ഡോം. ഏതായാലും ഈ വിഷയത്തില്‍ തല്‍ക്കാലം വെടി നിര്‍ത്തുന്നു. ഉടന്‍ തന്നെ അടുത്ത വിവരക്കേടുമായി വരുമെന്ന വിശ്വാസത്തോടെ. കമോണ്‍ ഡീം ഡോം, കമോണ്‍” എന്നാണ് എംഎ നിഷാദിന്റെ കുറിപ്പ്.
അതേസമയം പ്രേം നസീറിനെക്കുറിച്ച് താന്‍ പറഞ്ഞത് ഒരു മുതിര്‍ന്ന നടനില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നാണ് ടിനി ടോം പറഞ്ഞത്. എന്നാല്‍ ആ നടന്‍ ഇപ്പോള്‍ കൈ മലര്‍ത്തുകയാണ്. നസീറിനെ അവഹേളിക്കണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ല. ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു. കാല്‍ക്കല്‍ വീണ് മാപ്പ് പറയാന്‍ വരെ തയ്യാറാണെന്നും ടിനി ടോം പറഞ്ഞിരുന്നു.
എന്നാൽ ടിനി ടോമിനോട് നസീറിനെക്കുറിച്ച് പറഞ്ഞത് താന്‍ ആണെന്ന ആരോപണം നിഷേധിച്ച് മണിയന്‍പിള്ള രാജു രംഗത്തുവന്നു. ടിനി ടോം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും നസീറിനെ ഇഷ്ടപ്പെടുന്നവര്‍ ടിനി ടോമിനെ കല്ലെറിയുമെന്നും ടിനി ടോമിന് ഭ്രാന്താണെന്ന് തോന്നുന്നുവെന്നും മണിയന്‍പിള്ള രാജു തുറന്നടിച്ചിരുന്നു.