ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ടയുടെ മരണവാര്‍ത്ത. വാഹനാപകടത്തിലാണ് 28 കാരനായ ഡിയോഗോ ജോട്ട മരിച്ചത്. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെ സില്‍വയും ഒപ്പമുണ്ടായിരുന്നു.
സ്‌പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഞെട്ടിക്കുന്ന മരണം. ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമർന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനിലെ പൗരാണിക നഗരമായ വല്ലാദോലിദിന് 70 മൈല്‍ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപം റെയാസ് ബജാസ് ഹൈവേയില്‍ (എ52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇരുവരും ബെനവെന്റെയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാല പങ്കാളിയായ കാമുകി റൂത്ത് കാര്‍ഡോസോയെയാണ് ജോട്ട വിവാഹം ചെയ്തത്. അതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും മൂന്നു കുട്ടികളുമുണ്ട്.
ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടീമില്‍ ജോട്ട അംഗമായിരുന്നു. കഴിഞ്ഞ മാസം പോര്‍ച്ചുഗല്‍ ടീമിനൊപ്പം യുവേഫ നേഷന്‍സ് ലീഗ് കപ്പും താരം സ്വന്തമാക്കിയിരുന്നു. കരിയറിലും സ്വകാര്യ ജീവിതത്തിലും നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെയാണ് അപ്രതീക്ഷിത ദുരന്തം.