തനിക്ക് നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകി ഗായിക ലക്ഷ്മി ജയൻ. കഴിഞ്ഞ ദിവസം തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ ലക്ഷ്മിയ്ക്ക് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. വിദേശത്ത് നടന്നൊരു പരിപാടിയിൽ പാട്ടു പാടുന്ന ലക്ഷ്മിയുടെ വീഡിയോ വൈറലായതോടെയാണ് സൈബർ ആക്രമണമുണ്ടാകുന്നത്. സംഭവം വീട്ടിലുള്ളവരെ ബാധിച്ചെങ്കിലും തനിക്ക് ഓഫ് സീസണിലും പരിപാടി കിട്ടിയെന്നാണ് ലക്ഷ്മി പറയുന്നത്.
”എന്റെ ഒരു വീഡിയോ വൈറലായിരുന്നു. സാധാരണ ഒന്നും പ്രതികരിക്കാറില്ല. എന്നാലും പറയുകയാണ്. അയർലാൻഡിൽ ചെയ്ത പരിപാടിയുടെ വീഡിയോ ഞാൻ പാന്റിട്ടില്ല എന്ന് പറഞ്ഞ് വൈറലായി. ഇന്ന് ഇട്ടത് പോലെ സ്‌കിന്നി കളർ പാന്റായിരുന്നു അന്നും ഇട്ടത്. പരിപാടി കിട്ടാത്തതു കൊണ്ട് ഞാൻ തുണി അഴിച്ചിട്ട് പരിപാടിയ്ക്ക് ആളുകളെ വിളിക്കുകയാണ് എന്നാണ് വീഡിയോയിൽ പറയുന്നത്.
ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടിൽ അമ്മയും പിള്ളേരുമുണ്ട്. അവരെ അത് ബാധിക്കും”
ചുരിദാർ ഇട്ടു നടന്നു കൂടെ എന്ന് ആളുകൾ ചോദിക്കും. എല്ലാവരും ചുരിദാറൊക്കെ ഇട്ട് വരുമ്പോൾ ഞാൻ മുണ്ടും ബ്ലൗസും ഇട്ട് വന്നാലല്ലേ വ്യത്യസ്തയുള്ളൂ. ഞാനൊരു സെലിബ്രിറ്റിയാണ്. സെലിബ്രിറ്റിയാണെന്ന് രണ്ട് പേർക്ക് തോന്നുകയെങ്കിലും വേണ്ടേ. പക്ഷെ ആ വീഡിയോ വൈറലായതു കൊണ്ട് ഓഫ് സീസൺ ആയിട്ടും എനിക്ക് പരിപാടി കിട്ടി. അതുകൊണ്ട് നിങ്ങളോട് നന്ദി മാത്രമേയുള്ളൂ. എന്നും താരം പറയുന്നു.
മുമ്പും സോഷ്യൽ മീഡിയയുടെ അതിക്രമങ്ങളെ ലക്ഷ്മിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നേരത്തെ എആർ റഹ്മാന്റെ ‘ഹമ്മ ഹമ്മ’ പാട്ട് പാടിയത് വൈറലായിരുന്നു. പാട്ട് നശിപ്പിച്ചെന്നാണ് ലക്ഷ്മിക്കെതിരെ ഉയർന്ന വിമർശനം.