വീട്ടിൽ തേൻ വരിക്കചക്ക മുറിച്ചപ്പോൾ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവർ അതിലൊരു പങ്ക് മറ്റുജീവനക്കാർക്കുകൂടി കൊടുക്കാമെന്ന് കരുതി. രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ ഡ്രൈവർമാരിലൊരാൾ ഡ്യൂട്ടിക്ക് പോകുംമുമ്പ് അത് അകത്താക്കുകയും ചെയ്തു.
ഡിപ്പോയിലെ ‘ഊതിക്കൽ’ തുടങ്ങിയപ്പോഴാണ് ചക്ക ചതിച്ചെന്ന് മനസിലായത്. പൂജ്യത്തിലായിരുന്ന ബ്രെത്തലൈസർ ഊതിക്കലിൽ പത്തിലെത്തി.
താൻ മദ്യപിച്ചില്ലെന്നും വേണമെങ്കിൽ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവർ പറഞ്ഞു. ബ്രെത്തലൈസറിനെ എങ്ങനെ അവിശ്വസിക്കുമെന്നായി അധികൃതർ. ഒടുവിൽ സാമ്പിൾ പരിശോധന നടത്താമെന്നായി തീരുമാനം.
പിന്നീട് സംഭവം ഇത് തന്നെയാണോ എന്നറിയാനായി പരീക്ഷണം. ഊതിക്കാൻ നിയോഗിച്ച ആൾതന്നെ ആദ്യം ഊതിയപ്പോൾ പൂജ്യം. അയാൾ ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഒന്ന് ഊതി നോക്കി. ബ്രെത്തലൈസറിൽ അദ്ദേഹവും മദ്യപിച്ചെന്നാണ് കാണിച്ചത്. അങ്ങനെ ചക്കച്ചുള കഴിച്ച് പലരും പരിശോധന നടത്തിയപ്പോളാണ് വില്ലൻ ചക്ക തന്നെയാണെന്ന് മനസ്സിലായത്.