വളരെപ്പേർ യാത്രയ്ക്കായി ആശ്രയിക്കുന്ന മാർഗ്ഗമാണ് കെഎസ്ആർടിസി ബസ്സുകൾ. എന്നാൽ പലപ്പോഴും ഗതാഗതക്കുരുക്കുകളൊക്കെ കാരണം കാത്തുനിന്നു വലയുമ്പോൾ ബസ് എവിടെയെത്തി എന്ന് അറിയാൻ യാതൊരു മാർഗ്ഗവുമില്ല. ഇപ്പോഴിതാ ആ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഗതാഗത വകുപ്പ് ‘ചലോ ആപ്പ്’ എന്ന പേരിൽ ഒരു മൊബൈൽ ആപ്ളിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ്. ഇതോടെ സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസ് എവിടെ എത്തി എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ടിക്കറ്റ് എടുക്കാത്തവർക്ക് വരുന്ന ബസുകളിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും മുന്‍കൂട്ടി അറിയാനാകും.
ടിക്കറ്റുകള്‍ എടുക്കാന്‍ ഗതാഗത വകുപ്പ് ലോഞ്ച് ചെയ്യുന്ന സ്മാര്‍ട് കാര്‍ഡുകളും മൊബൈല്‍ ആപ്പ് വഴി ചാര്‍ജ് ചെയ്യാനാകും. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു ഗതാഗത മന്ത്രി ഈ മൊബൈൽ
ആപ്ലിക്കേഷന്റെ വിവരം പങ്കുവെച്ചത്. ഇതിനായുള്ള ആപ് പണിപ്പുരയിലാണെന്നും കുറ്റമറ്റ രീതിയിൽ ഈ വർഷം തന്നെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ബസുകളിൽ ഡസ്റ്റ് ബിന്‍, ഫ്രീ വൈഫൈ എന്നിവ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.