തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന മുൻ ജീവനക്കാരുടെ പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണയും. തങ്ങളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പരാതി നൽകിയതിനുള്ള വൈരാഗ്യത്തിലാണ് തങ്ങൾക്കെതിരെ ജീവനക്കാർ പരാതി നൽകിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
“ പരാതി കൊടുത്തതിന് ശേഷമാണ് അവർ ഞങ്ങൾക്കെതിരെ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പണം തട്ടിയെന്നാണ് അവരുടെ പരാതി. അവർക്കെതിരെ എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. കുറ്റം സമ്മതിക്കുകയും ക്യൂആർ കോഡ് മാറ്റി പണം തട്ടുന്നതിന്റെയൊക്കെ വീഡിയോകളുണ്ട്’.
‘ഈ പെൺകുട്ടികളുടെ പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നു. എനിക്കെതിരെ കേസെടുത്തുവെന്ന് എന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ വളരെ മോശമായാണ് സിഎ പെരുമാറിയത്.
രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി എന്റെ മൊഴിയെടുത്തു. ജീവിതത്തിൽ ആദ്യമായാണ് ഒരു പൊലീസുകാരൻ ഇങ്ങനെ പെരുമാറുന്നത്. അയാൾ മറ്റൊരു പാർട്ടിയിലുള്ള ആളാകാം അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറിയത്. എന്റെ മുഖത്ത് പോലും നോക്കാതെ വളരെ കർക്കശത്തോടെയാണ് സംസാരിച്ചതെന്നും” കൃഷ്ണകുമാർ പറഞ്ഞു.