കോതമംഗലത്തെ അന്‍സില്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലിസ്. വിഷം അകത്തുചെന്ന് അന്‍സിലിന്റെ ശ്വാസകോശത്തിന് പൊള്ളലേല്‍ക്കുകയും കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ചെയ്തതായാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലുള്ളത് ഇതാണ് മരണ കാരണം. നിലവില്‍ കാക്കനാട് വനിതാജയിലില്‍ തടവിലുള്ള അഥീനയെ പോലിസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനും പോലിസ് ശ്രമിക്കുന്നുണ്ട്.
അന്‍സിലിനെ കൊലപ്പെടുത്താന്‍ അഥീന രണ്ടുമാസം മുമ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. വ്യാഴാഴ്ച്ച രാത്രി അന്‍സില്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സിസിടിവി ക്യാമറ എടുത്തുമാറ്റി. ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് മാറ്റുകയും നശിപ്പിക്കുകയും ചെയ്തു. വീട്ടില്‍ സിസിടിവി ക്യാമറ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവുകളും നശിപ്പിച്ചു. മറ്റാരുടേയോ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടികള്‍ എന്നാണ് സൂചന.
അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് ജൂലൈ 31നു പുലര്‍ച്ചെയാണ് അന്‍സില്‍ എത്തിയത്. അന്‍സില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ ശീതളപാനീയത്തിനൊപ്പം വിഷവും ചേര്‍ത്തു. വിഷം അകത്ത് ചെന്ന ഉടന്‍ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായപ്പോള്‍ അന്‍സില്‍ സുഹൃത്തിനെയും പോലിസിനെയും വിവരമറിയിച്ചു. അന്‍സിലിന്റെ വീട്ടുകാരെ അഥീനയാണ് വിളിച്ചത്. അന്‍സില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നാണ് അഥീന എല്ലാവരോടും പറഞ്ഞത്.
തുടര്‍ന്ന് അന്‍സിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ അന്‍സില്‍ അവിവാഹിതയായ അഥീനയുമായി രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. രണ്ടാഴ്ച മുന്‍പ് അഥീന ഈ കേസ് പിന്‍വലിച്ചു. പണം നല്‍കാമെന്ന അന്‍സിലിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതു നല്‍കാത്തതിനെ തുടര്‍ന്ന് അന്‍സിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും വഴക്കുണ്ടായി.