കൊല്ലത്ത് തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. രാവിലെ ഒന്‍പതരയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവര്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് കുവൈത്തിലേക്ക് തിരിച്ച് രാത്രി എത്തിച്ചേര്‍ന്നു. ശേഷം പുലര്‍ച്ചെ 01.15ന് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുകയായിരുന്നു. ഒന്‍പത് മണിയോടെ തന്നെ വിമാനം നെടുമ്പാശേരിയിലെത്തി. സുജയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഇളയ മകനും അടുത്ത ബന്ധുക്കളുമാണ് പോയിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വൈകാരിക നിമിഷങ്ങളായിരുന്നു ഉണ്ടായിരുന്നത്. പുറത്തിറങ്ങിയ സുജ ഇളയ മകനെ ചേര്‍ത്തു നിര്‍ത്തി പൊട്ടിക്കരഞ്ഞു.
തേവലക്കര സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നടക്കുക. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വിലാപയാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മിഥുന്റെ മരണത്തില്‍ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ പ്രധാനാദ്ധ്യാപിക സുജയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കെഎസ്ഇബി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകും. കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ കുടുംബത്തിന് കൈമാറി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും. മാനേജ്മെന്റ് പ്രധാനാദ്ധ്യാപികയെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സ്‌കൂളിന് കുറുകെയുള്ള വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.