പ്യോങ്യാങ്: ഉത്തര കൊറിയയുടെ പുതിയ 5,000 ടണ്‍ നാവിക കപ്പല്‍ പുറത്തിറക്കുന്നതിനിടെ മറിഞ്ഞുവീണത് ലോകശ്രദ്ധ നേടിയിരുന്നു. ഈ സംഭവം കിം ജോങ് ഉന്‍ നോക്കിനില്‍ക്കെയാണ് സംഭവിച്ചതെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. ഈ സംഭവത്തില്‍ കിം ജോങ് ഉന്‍ അങ്ങേയറ്റം രോഷാകുലനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘തികഞ്ഞ അശ്രദ്ധ’ മൂലമുണ്ടായ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന ‘കുറ്റകൃത്യം’ എന്ന് പറഞ്ഞാണ് കിം ദുരന്തത്തെ പരസ്യമായി അപലപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രങ്ങളില്‍ യുദ്ധക്കപ്പല്‍ വെള്ളത്തില്‍ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് കാണുന്നത്. കപ്പലിനുണ്ടായ കേടുപാടുകള്‍ മറയ്ക്കാന്‍ നീല ടാര്‍പോളിനുകള്‍ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ക്രാഡില്‍ ആദ്യം തെന്നിമാറുകയും, തുടര്‍ന്ന് കപ്പല്‍ ബാലന്‍സ് തെറ്റുകയും, അടിഭാഗത്ത് ദ്വാരങ്ങള്‍ വീഴുകയും ചെയ്തു,’ എന്ന് ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ സംഭവം കിമ്മിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കപ്പല്‍ശാലാ നടത്തിപ്പുകാരെയും കിം രൂക്ഷമായി വിമര്‍ശിച്ചു. ജൂണ്‍ അവസാനത്തോടെ നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ പ്ലീനറി യോഗത്തിന് മുന്‍പ് കപ്പല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നേരത്തെ, ഏപ്രിലില്‍ ഉത്തര കൊറിയ സമാനമായ ഒരു 5,000 ടണ്‍ നശീകരണ കപ്പല്‍ പുറത്തിറക്കിയിരുന്നു.
സൈഡ്-ലോഞ്ചിന് ശ്രമിച്ചത് മൂലമാണ് കപ്പല്‍ പുറത്തിറക്കല്‍ പരാജയപ്പെട്ടതെന്നാണ് യുഎസ് ഏജന്‍സികളുമായി സഹകരിച്ച് ദക്ഷിണ കൊറിയന്‍ സൈനിക, ഇന്റലിജന്‍സ് വൃത്തങ്ങള്‍ നടത്തിയ വിലയിരുത്തലില്‍ വ്യക്തമായത്. ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ നഷ്ടത്തിന്റെ തീവ്രത കുറച്ചുകാണിക്കുകയാണെന്നും പറയുന്നു. അതേസമയം, സംഭവത്തിലുള്ള കിമ്മിന്റെ നടപടി കടുത്തതാകുമെന്നാണ് സൂചന. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് വധശിക്ഷ പോലും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.