കൊലയാളി തിമിംഗലങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ അതൊരു പേടിപ്പെടുത്തുന്ന ഒന്നായാണ് എല്ലാവർക്കും അനുഭവപ്പെടുക. എന്നാൽ ഈ പേരിലറിയപ്പെടുന്ന ഓർക്കകളെക്കുറിച്ച് ഒരു രസകരവും അമ്പരപ്പിക്കുന്നതുമായ പഠനം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. ഇവർ മനുഷ്യരുമായി കൂട്ടുകൂടാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും തങ്ങളുടെ ഭക്ഷണം മനുഷ്യരുമായി പങ്കുവെക്കാറുണ്ടെന്നുമാണ് പഠനത്തിൽ പറയുന്നത്. പക്ഷേ എന്തുകൊണ്ടെന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ല.പല കാരണങ്ങളാണ് അവർ കണ്ടെത്തിയത്.
ലോകമെമ്പാടും നിന്നുമുള്ള 34 കേസുകളാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ കൂടുതലും മനുഷ്യർക്ക് വെള്ളത്തിൽ വച്ചാണ് ഈ അനുഭവമുണ്ടായത്. ഇവരെ കണ്ടയുടൻ തന്നെ തന്റെ കയ്യിലുള്ള ഭക്ഷണം മനുഷ്യരുടെ മുന്നിൽ കൊണ്ടുവന്നിടുകയായിരുന്നു.
ഇതിൽ മത്സ്യം, ചില തിമിംഗലങ്ങൾ, പക്ഷികൾ, സ്റ്റിംഗ്രേകൾ, കടൽപ്പായൽ, ഒരു ആമ എന്നിവ ഉൾപ്പെടുന്നു.
മിക്ക കേസുകളിലും, മനുഷ്യർ ഓർക്കകളുടെ ഈ സമ്മാനം നിരസിക്കുകയാണ് ചെയ്തത്. എന്നാൽ ചില ഓർക്കകൾ പിന്നീട് മനുഷ്യർ എടുക്കുന്നില്ലെന്ന് കണ്ട് അത് തിരിച്ചെടുത്ത് മറ്റ് ഓർക്കകളുമായി പങ്കിട്ടു, ചില സന്ദർഭങ്ങളിൽ, അത് വീണ്ടും മനുഷ്യന് കൊടുക്കാൻ നോക്കി ഒരു തവണയല്ല പലതവണ ഇവർ ഇതിന് വേണ്ടി ശ്രമിച്ചുവെന്നതാണ് രസകരം.
ചില ഗവേഷകർ പറയുന്നത് ഓർക്കകളുടെ ഈ രീതി സൂക്ഷിക്കണമെന്നാണ്. ചിലപ്പോൾ വളരെ ബുദ്ധിയുള്ള ഇവ മനുഷ്യരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കാനായി ചെയ്യുന്നതാവുമെന്നും ചിലർ പറയുന്നു . എന്നാൽ ഓർക്കകൾ മനുഷ്യരുമായി ഇടപഴകുന്നത് ഇതാദ്യമല്ല.
ഉദാഹരണത്തിന്, ഒരു ഓർക്കാ കൂട്ടം തന്നെ ഓസ്‌ട്രേലിയൻ തദ്ദേശീയ തിമിംഗലവേട്ടക്കാർക്കും യൂറോപ്യൻ തിമിംഗലവേട്ടക്കാർക്കുമൊപ്പം വേട്ടയാടിയിരുന്നു. ഇത്തരം സഹകരണ വേട്ടകളിൽ നിന്നാണ് ഓർക്കാകൾക്ക് ഭക്ഷണം ലഭിച്ചത്. എന്തായാലും ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.