ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ഇന്ന് നിർണായക ദിനം. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. സഭാനേതൃത്വമാണ് ഈ ജാമ്യാപേക്ഷ നൽകുന്നത്. എന്നാൽ ഛത്തീസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പാണ് പ്രതീക്ഷ. ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മനുഷ്യക്കടത്ത് വകുപ്പ് ഉള്ളതിനാൽ എൻഐഎ കോടതിയെ സമീപിക്കാനായിരുന്നു ദുർഗ് സെഷൻസ് കോടതിയുടെ നിർദ്ദേശം. എന്നാൽ എൻഐഎ കോടതിയെ സമീപിക്കുന്നത് പ്രശ്നം സങ്കീർണമാക്കുമെന്ന് വിലയിരുത്തിയ ക്രൈസ്തവ പുരോഹിതർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകുക.
ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ കുട്ടികളെ കടത്തിക്കൊണ്ടുപോകുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.