ഓടുന്ന ബസിലെ തുറന്നവാതിലിലൂടെ ആളുകൾ തെറിച്ചുപോയതും ജീവൻ പോലും നഷ്ടമാകുന്നതും വീണ്ടും ആവർത്തിക്കുകയാണ്. ഇപ്പോഴിതാ തുറന്നിട്ട വാതിലുകളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കു പൂട്ടിടാന്‍ തയ്യാറെടുക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഇതിനായി ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും.
മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ആദ്യപടിയെന്ന നിലയിൽ കൊല്ലം ജില്ലയിലെമ്പാടും കര്‍ശന പരിശോധനയ്ക്കാണ് തീരുമാനിച്ചിരിക്കുന്നത്. വാതിൽ തുറന്നിട്ടാണ് ബസോടിക്കുന്നതെന്ന് കണ്ടാൽ ആദ്യം പിഴയും പിന്നീട് പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയുമുണ്ടാകുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലു പറഞ്ഞു.
മാത്രമല്ല 2017-നുശേഷം പുറത്തിറക്കിയ ബസുകളില്‍ ന്യുമാറ്റിക് ഡോര്‍ ഉണ്ടായിരിക്കണമെന്നാ് നിബന്ധനയുണ്ട്. ജില്ലയില്‍ 650-ലധികം സ്വകാര്യബസുകളുണ്ട്. കണ്ണനല്ലൂര്‍-കൊട്ടിയം റൂട്ടിലാണ് വാതില്‍ തുറന്നിട്ടുള്ള യാത്ര കൂടുതല്‍. മഫ്തിയിലും അല്ലാതെയും ഉദ്യോഗസ്ഥര്‍ ബസുകളില്‍ കയറി പരിശോധിക്കും. ബസുകൾക്കൊപ്പം തന്നെ യാത്രക്കാരിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്ന ഓട്ടോറിക്ഷകളെ പിടികൂടാനും പരിശോധന നടത്തും. യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കാതെ തോന്നിയ നിരക്ക് വാങ്ങുന്നതായി പരാതിയുണ്ട്.
റോഡില്‍ ആംബുലന്‍സുകള്‍ക്ക് അനുവദിച്ചിട്ടുള്ള മുന്‍ഗണന ദുരുപയോഗം ചെയ്യുന്നതും തടയും. അമിതനിരക്ക് വാങ്ങല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് ഉപയോഗിക്കല്‍ എന്നീ കാര്യങ്ങൾ പൂർണ്ണമായും തടയും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കുമെന്നും ആര്‍ടിഒ പറഞ്ഞു.
വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും പരാതിപ്പെടാം. ദൃശ്യം പകര്‍ത്തി വാഹന നമ്പര്‍ സഹിതം 9188961202 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലേക്ക് അയച്ചാല്‍ നടപടി ഉറപ്പാണ്.മതി.