വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്ത്രീയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കരുതാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. എന്നാല്‍ ഒരാളോട് ‘കുളിക്കൂ, നഖം മുറിക്കു’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വൃത്തികേടാണെന്നും കോടതി വ്യക്തമാക്കി. ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംവിഐയും നെടുമങ്ങാട് സ്വദേശിയുമായ അനസ് മുഹമ്മദ് എം സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം.
ഡ്രൈവിങ് ടെസ്റ്റിനിടെ എംവിഐ യുവതിയുടെ നീണ്ട നഖങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്രൈവിങ് ടെസ്റ്റിന് വന്നതാണോ എന്ന് ദേഷ്യത്തോടെ ചോദിക്കുകയും, ടെസ്റ്റിന് മുന്‍പ് ഇവരെ കുളിപ്പിക്കണമെന്ന് പറയുകയും ചെയ്‌തെന്നായിരുന്നു പരാതി. സദാചാരവിരുദ്ധരായ സ്ത്രീകളുടെ കുട്ടികള്‍ പല്ല് തേക്കാതെയും കുളിക്കാതെയും നഖം വെട്ടാതെയും ഡ്രൈവിംഗ് ടെസ്റ്റിന് വരുമെന്നും എംവി കുറ്റപ്പെടുത്തിയെന്നുമായിരുന്നു ആക്ഷേപങ്ങള്‍. യുവതിയുടെ പരാതിയില്‍ എംവിഐക്ക് എതിരെ ഐപിസി 294(ബി), 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് എംവിഐ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി സംഭവം നടന്നത് ഒരു കാറിനുള്ളിലായതിനാല്‍ അതൊരു പൊതു സ്ഥലമായി കണക്കാകാന്‍ കഴിയില്ലെന്നും വിലയിരുത്തി. ഉദ്യോഗസ്ഥന്റെ പരാമര്‍ശം വൃത്തികെട്ടതായിരുന്നു. എന്നാല്‍ അവ സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതോ പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതോ ആയി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനല്‍ നടപടികളും കോടതി റദ്ദാക്കി.